Tuesday, October 21, 2008

ആത്മസംതൃപ്തിയുടെ മായികമന്ത്രങ്ങള്‍ അഥവാ സഗീര്‍ കവിതകളിലെ സൌന്ദര്യ ദര്‍ശനം

വിനായകി, സൂര്‍പ്പ, കര്‍ണ്ണി, ഗണേശാനി, ലംബാ.....
നിന്‍സ്‌ത്രൈണ ഭാവങ്ങളെത്ര!
പഞ്‌ചമുഖ ഗണപതിനൃത്ത ഗണപതി,
ബാലഗണപതി, ഉണ്ണി ഗണപതി, വരസിദ്ധി
ഗണപതിനിന്‍ പൂജാരൂപങ്ങളെത്ര!
(കവിത-വിനായകാ നിനക്കായ്‌ ഒരു ഋഗ്വേദവാക്യം. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).

കവിത മന്ത്രമായി മാറുന്ന ഒരവസ്ഥ മഹര്‍ഷിതുല്യരായ വിമര്‍ശകര്‍കര്‍ക്ക് വിഭാവനം ചെയ്യാമെങ്കിലും മന്ത്രത്തിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ വിമര്‍ശകസൂരികള്‍ക്ക് അധികാരമില്ല എന്നുള്ളതാണ് ഈയുള്ളവന്റെ വിനീതാഭിപ്രാ‍യം. കവിതയുടെ മാനദണ്ഡം എന്നു കരുതാവുന്ന സൌന്ദര്യം എന്ന സങ്കല്പം തന്നെ ഒട്ടും സരളമല്ലാത്തതാവുമ്പോള്‍ തന്നെ സാമാന്യവ്യവഹാരത്തിലെ വിവക്ഷയില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യശാസ്ത്രത്തില്‍ സൌന്ദര്യം വിശേഷ വിതാനങ്ങളിലേക്ക് വികസിക്കുന്നു. സൌന്ദര്യം എന്ന സങ്കല്‍പ്പം കവിതയുടെ മുഗ്ധസൌന്ദര്യത്തിന്റെ പലതലങ്ങളിലായി വലിച്ചിഴക്കപ്പെടുമ്പോള്‍ മന്ത്രവും അക്കൂട്ടത്തില്‍ ഗണിക്കാമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ഇവിടെ മന്ത്രം തന്നെ കവിതയും കവിത മന്ത്രപ്രായവുമാകുമ്പോള്‍ സഗീറിന്റെ കവിതകളെ നിര്‍ധരിക്കുക അങ്ങേയറ്റം ഞെരുക്കമുള്ള പ്രവൃത്തിയായിത്തീരുന്നു. അതിനു തുനിയുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വരികള്‍ കടമെടുത്ത് തുടക്കത്തിലേ തോല്‍‌വി സമ്മതിക്കുന്നതാണ് ഉചിതം.
“ജീവിതം വാറ്റിയെടുക്കു‍മ്പോള്‍
തുള്ളികളായി തണുക്കുന്ന ഉന്മാദവും,
മട്ടായി ഉറഞ്ഞു കൂടുന്ന മടുപ്പും
എന്നിലെ കവി അന്വേഷിക്കുന്നുണ്ട്.
......................................................
മറുപുറങ്ങളും,മറുപടികളും,
മറുമൊഴിയായ്,മാറ്റിതീര്‍ക്കുന്ന വേദന!
നിങ്ങളുടെ മറവികളായി തീരുന്ന
എന്നിലെ കവിയുടെ ഓര്‍മ്മകള്‍!
അതാണ് ഞാന്‍ എന്ന കവി. “
(-ഞാന്‍ എന്ന കവി)
മൂന്ന് സംവത്സരങ്ങളായി ഏതാണ്ട് അക്ഷമമായിത്തന്നെ ആത്മാവിഷ്‌കാരത്തില്‍ ഏര്‍പ്പെട്ടു പോരുന്ന കവിയുടെ ശ്രേഷ്‌ട രചനകളെ വെറും വ്യാപ്തിവെച്ചു നോക്കിയാല്‍പ്പോലും ഇത്തരമൊരു കുറിപ്പിന്റെ നിയുക്തപരിധിയില്‍ കൊള്ളിക്കുക എന്നത് എളുപ്പമല്ല. അങ്ങനെ വ്യാമോഹം എനിക്കില്ല താനും. ആകപ്പാടെ ഒരവലോകനം. എവിടെ ഏതു ബിന്ദുവില്‍ നിന്നാരംഭിക്കണം എന്നതാകുന്ന എന്റെ പ്രാഥമികമായ പാരവശ്യം.
പക്ഷേ ഒന്നുണ്ട്; മന്ത്രത്തിലേക്കുള്ള സഗീറിന്റെ പരിണതി മൌലികമായ സൌന്ദര്യബോധത്തിന്റെ മറ്റൊരു പടവ് മാത്രമാകുന്നു എന്ന് ഉപദര്‍ശിക്കാവുന്നതാണ്. മുഗ്‌ധം, മൃദുലം, മധുരം, മായികം ഇങ്ങനെ പറഞ്ഞു പരിചിതമായ സൌന്ദര്യബോധത്തിന്റെ സരളതകള്‍ മാത്രമല്ല, പൂവിന്റെ താരള്യത്തോടൊപ്പം മുള്ളിന്റെ കാര്‍ക്കശ്യവും അനുഭവിപ്പിക്കുന്ന, തരളതയുടെ വിപരീതങ്ങളെക്കൂടി സന്നിവേശിപ്പിക്കുന്ന, ഏറെക്കുറെ ഏകമുഖമായി സമൂഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമഗ്രവും സന്തുലിതവുമായ അഭിവീക്ഷണമാണ് സഗീറിന്റെ കവിതകള്‍ എന്ന് പൊതുവില്‍ വിവക്ഷിക്കാവുന്നതാണ്.
സൌന്ദര്യം സത്യവും തമ്മില്‍ പടലപ്പിണക്കമുണ്ട് എന്നതല്ലേ പൊതുധാരണ? എന്നാല്‍ പരക്കേയുള്ള ഈ ധാരണ ദൃഢപ്പെടുത്തിയ ചങ്ങമ്പുഴയെപ്പോലെ ആ ധാരണ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് സഗീറിന്റെ കവിതകള്‍. സൌന്ദര്യത്തിനു വേണ്ടി സത്യത്തെയോ സത്യത്തിനു വേണ്ടി സൌന്ദര്യത്തെയോ ബലി കഴിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഈ കവിതകളില്‍ കാണാം.
“നീ ചിരിക്കരുത്,
നീ കരയരുത്,
നീ ഉണ്ണരുത്, നീ ഉറങ്ങരുത്.
നീ പണയപ്പെടുത്തു;
നിന്റെ നെല്‍പ്പാടം!.
നിനക്കും കിട്ടും വായ്പ്പ!.
വിദ്യാഭ്യാസ വായ്പ്പ!.
ഭവന വായ്പ്പ!.
സ്വയം തൊഴില്‍ വായ്പ്പ!.
നിനക്കും വാങ്ങാം;
കാറും,ബസ്സും!.“ (നിനക്കും കിട്ടും വായ്പ)

ഒരു കവിയുടേതാണല്ലോ ഈ വിളംബരം, വെറും ദാര്‍ശനികന്റേത് അല്ല. സത്യത്തിലുള്ള നിഷ്‌ഠ പോലെ ശില്പത്തിലുള്ള നിഷ്‌കര്‍ഷയും ഇവിടെ കവിതയെ പ്രവചനരൂപത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ന് നാം കാണുന്ന സത്യം കവി ഇന്നലെപ്പറഞ്ഞു. ആശാ‍നും ഇതുതന്നെയല്ലേ പറഞ്ഞു വെച്ചത്?
മന്ത്രം, കവിത, സത്യം, സൌന്ദര്യം ഇവയെല്ലാം സഗീര്‍കവിതകളുടെ മുകള്‍പ്പര്‍പ്പ് മാത്രമാകുന്നു. അടിയൊഴുക്കില്‍ എല്ലാം ഒന്നുതന്നെ എന്നതാവില്ലേ സഗീറിന്റെ ആന്തരം? ലൌകികം-ആത്മീയം ഇത്യാദി ദ്വന്ദങ്ങളെ ഏതോ വിതാനത്തില്‍ ഐക്യപ്പെടുത്തുകയാണ് സഗീര്‍.
“ഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും ...” (14 വേഗങ്ങള്‍)

വേഗങ്ങളുടെ അടിയൊഴുക്കില്‍ കവി അന്തിമമായ സാഫല്യമാണ് വായനക്കാര്‍ക്ക് നിവേദിക്കുന്നത് എന്നതിന് ഇതില്‍പ്പരം ഒരു തെളിവു വേണ്ടതില്ല. ഒരു കവി ഇത്രയും സാധിച്ചാല്‍ മതി.നിര്‍ഭാഗ്യവാനായ വിമര്‍ശകനാവട്ടെ, ഇതിനു നിദര്‍ശനങ്ങള്‍ കണ്ടെത്തുക എന്ന നിയോഗം ശേഷിക്കുന്നു.
വ്യാഖ്യാനത്തിന്റെ ഉപ്പ് അധികം വാരിവിതറി ആഹരിക്കാന്‍ യോഗ്യമല്ലാത്തവിധം കൈപ്പിക്കുക എന്നത് ഈ കുറിപ്പുകാരന്റെ ലക്ഷ്യമല്ലാത്തതിനാല്‍ വ്യാഖ്യാനമൊന്നും ആവശ്യമില്ലാത്ത പച്ചയായ ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
“ഞാനും നീയുംസ്നേഹമാണ്‌!.
ഞാനും നീയും സ്നേഹവും കല്ല്യാണമാണോ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളാണോ ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളുംകുടുംബമാണോ ? “ (ഞാനും നീയും)
വരിഷ്ഠമായ ഈ പ്രതിഭയില്‍ കവിതയുടെ താമര വാടുന്നില്ല. വാടാത്തതിനു കാരണമാകട്ടെ, സവിശേഷമായ സൌന്ദര്യ ദര്‍ശനത്തിന്റെ സൂര്യന്‍ കെടുന്നില്ല എന്നതു തന്നെ. പെരുമാറാവുന്ന പ്രമേയം എന്തോ ആവട്ടെ, ആര്‍ജ്ജവം കൊണ്ടാണ്, ആത്മാര്‍ത്ഥത് കൊണ്ടാണ് സഗീര്‍ കൈയൊപ്പ് ചാര്‍ത്തുന്നത്.