Sunday, December 14, 2008

ചാന്ദ്രയാനും ബോള്‍ പേനയും

നമ്മടെ ചാന്ദ്രയാനത്തിലുള്ള കൌതുകം പത്രക്കാര്‍ക്ക് തീര്‍ന്നിട്ടോ അതോ ഞാന്‍ പത്രോം റ്റീവീം ഒന്നും കാണാഞ്ഞിട്ടോ എന്തരോ എന്തോ...എന്തരായാലും അണ്ണന്റെ വാര്‍ത്തകളൊന്നും ഇപ്പോള്‍ ഞാന്‍ അറിയുന്നില്ല. എത്ര കാലമെന്ന് വെച്ചാ ചുമ്മാ കറങ്ങി നടക്കുക? ആര്‍ക്കായാലും ബോറടിക്കും.
അതെന്തരോ ആകട്ടെ. പണ്ടൊരു അമേരിക്കക്കാരനും റഷ്യക്കാരനും പൊങ്ങച്ചം പറഞ്ഞ കഥയാണ് ഓര്‍ക്കുന്നത്. അമേരിക്കക്കാരന്‍ പറഞ്ഞു : “ഞങ്ങള് ബഹിരാകാശത്ത് വെച്ചും എഴുതാവുന്ന ഒരു പ്രത്യേകതരം ബോള്‍ പേന കണ്ടു പിടിച്ചു. ഗുരുത്വാകര്‍ഷണമില്ലാത്തിടത്തും മഷിയൊഴുകിയിറങ്ങുന്ന ഈ പേന കണ്ടുപിടിക്കാന്‍ വര്‍ഷങ്ങളുടെ ഗവേഷണം തന്നെ വേണ്ടി വന്നു. കോടിക്കണക്കിന് ഡോളറും ചെലവായി. എന്നാലെന്താ ബഹിരാകാശത്ത് പോകുന്നവര്‍ക്ക് ഇനി ബോള്‍ പേന കൊണ്ടെഴുതാം”.

റഷ്യക്കാരന്‍ പൊട്ടിച്ചിരിച്ചു. “ഹഹഹ! ബഹിരാകാശത്ത് എഴുതാന്‍ പേനായൊ? അതിനൊരു പെന്‍സില്‍ പൊരേ? ഞങ്ങളുടെ സഞ്ചാരികളൊക്കെ പെന്‍സിലു കൊണ്ടാ എഴുതുന്നത് ”

അമേരിക്കക്കാരനും റഷ്യക്കാരനും ജപ്പാന്‍‌കാരനുമൊക്കെ പെന്‍സിലു കൊണ്ടെഴുതുന്നിടത്ത് നമ്മടെ ചാന്ദ്രയാന്‍ ബോള്‍ പേന ഒരസാധ്യ സംഭവം തന്നെ!

Sunday, November 16, 2008

ബ്ലെന്റി20. ബ്ലോഗ് നാടകം.


സഹൃദയരേ, കലാസ്നേഹികളേ...

ബൂലോഗത്തിന്റെ സാമൂഹികപശ്‌ചാത്തലത്തില്‍ നിന്ന് ഇതള്‍വിരിയുന്ന ഒരു നാടകവുമായി വര്‍മ്മാലയ കലാകേന്ദ്രം നിങ്ങളുടെ മുന്നിലെത്തുകയാണ്.........ബ്ലെന്റി20.

നിങ്ങളുടെ പ്രീയപ്പെട്ട ബൂലോഗപുലികള്‍ ഒന്നടങ്കം അണിനിരക്കുന്ന ഈ നാടകത്തെക്കുറിച്ച് രണ്ട് വാക്ക് :-

കാലങ്ങളായി നിങ്ങളുടെ ചിരിയിലും ചിന്തയിലും അടിച്ചമര്‍ത്താനാവാത്ത സാന്നിദ്ധ്യമായി നിലകൊള്ളുന്ന വര്‍മ്മകളുടെ കഥയാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ചിരിയുടെയും വരയുടെയും എഴുത്തിന്റെയും ചിന്തയുടെയും തമ്പുരാക്കന്മാരായി ബൂലോഗത്ത് വിലസുന്ന പുപ്പുലികള്‍ മുതല്‍ നവാഗതകര്‍ വരെയും ഐഡിയുള്ളതും ഇല്ലാത്തതുമായ അനോണികളും ഈ നാടകത്തില്‍ വര്‍മ്മക്കഥാപാത്രങ്ങളുടെ വേഷമണിയുന്നു. ബ്ലെന്റി20.


അവശതയനുഭവിക്കുന്ന വര്‍മ്മകളുടെ ക്ഷേമനിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി വര്‍മ്മ അസോസിയേറ്റ്‌സിന്റെ ബാനറില്‍ ദില്‍ബ വര്‍മ്മ നിര്‍മ്മിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് ദോഷിവര്‍മ്മയാണ്.

ഈ നാടകത്തിന്റെ വന്‍‌വിജയത്തിനായി ഇതിന്റെ പരസ്യപ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീ ബെര്‍ളിവര്‍മ്മയാണെന്ന വിവരവും അറിയിച്ചു കൊള്ളുന്നു.

കാത്തിരിക്കുക, ഉടന്‍ വരുന്നു...
മലയാളബ്ലോഗിലെ പുലികള്‍ ഒന്നടങ്കമഭിനയിക്കുന്ന ബ്ലെന്റി20.


അടുത്ത ബെല്ലിന് നാടകം ആരംഭിക്കുന്നതായിരിക്കും.

Tuesday, October 21, 2008

ആത്മസംതൃപ്തിയുടെ മായികമന്ത്രങ്ങള്‍ അഥവാ സഗീര്‍ കവിതകളിലെ സൌന്ദര്യ ദര്‍ശനം

വിനായകി, സൂര്‍പ്പ, കര്‍ണ്ണി, ഗണേശാനി, ലംബാ.....
നിന്‍സ്‌ത്രൈണ ഭാവങ്ങളെത്ര!
പഞ്‌ചമുഖ ഗണപതിനൃത്ത ഗണപതി,
ബാലഗണപതി, ഉണ്ണി ഗണപതി, വരസിദ്ധി
ഗണപതിനിന്‍ പൂജാരൂപങ്ങളെത്ര!
(കവിത-വിനായകാ നിനക്കായ്‌ ഒരു ഋഗ്വേദവാക്യം. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍).

കവിത മന്ത്രമായി മാറുന്ന ഒരവസ്ഥ മഹര്‍ഷിതുല്യരായ വിമര്‍ശകര്‍കര്‍ക്ക് വിഭാവനം ചെയ്യാമെങ്കിലും മന്ത്രത്തിന്റെ മാനദണ്ഡം നിശ്ചയിക്കാന്‍ വിമര്‍ശകസൂരികള്‍ക്ക് അധികാരമില്ല എന്നുള്ളതാണ് ഈയുള്ളവന്റെ വിനീതാഭിപ്രാ‍യം. കവിതയുടെ മാനദണ്ഡം എന്നു കരുതാവുന്ന സൌന്ദര്യം എന്ന സങ്കല്പം തന്നെ ഒട്ടും സരളമല്ലാത്തതാവുമ്പോള്‍ തന്നെ സാമാന്യവ്യവഹാരത്തിലെ വിവക്ഷയില്‍ നിന്ന് വ്യത്യസ്തമായി സാഹിത്യശാസ്ത്രത്തില്‍ സൌന്ദര്യം വിശേഷ വിതാനങ്ങളിലേക്ക് വികസിക്കുന്നു. സൌന്ദര്യം എന്ന സങ്കല്‍പ്പം കവിതയുടെ മുഗ്ധസൌന്ദര്യത്തിന്റെ പലതലങ്ങളിലായി വലിച്ചിഴക്കപ്പെടുമ്പോള്‍ മന്ത്രവും അക്കൂട്ടത്തില്‍ ഗണിക്കാമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരാം. ഇവിടെ മന്ത്രം തന്നെ കവിതയും കവിത മന്ത്രപ്രായവുമാകുമ്പോള്‍ സഗീറിന്റെ കവിതകളെ നിര്‍ധരിക്കുക അങ്ങേയറ്റം ഞെരുക്കമുള്ള പ്രവൃത്തിയായിത്തീരുന്നു. അതിനു തുനിയുമ്പോള്‍ അദ്ദേഹത്തിന്റെ തന്നെ വരികള്‍ കടമെടുത്ത് തുടക്കത്തിലേ തോല്‍‌വി സമ്മതിക്കുന്നതാണ് ഉചിതം.
“ജീവിതം വാറ്റിയെടുക്കു‍മ്പോള്‍
തുള്ളികളായി തണുക്കുന്ന ഉന്മാദവും,
മട്ടായി ഉറഞ്ഞു കൂടുന്ന മടുപ്പും
എന്നിലെ കവി അന്വേഷിക്കുന്നുണ്ട്.
......................................................
മറുപുറങ്ങളും,മറുപടികളും,
മറുമൊഴിയായ്,മാറ്റിതീര്‍ക്കുന്ന വേദന!
നിങ്ങളുടെ മറവികളായി തീരുന്ന
എന്നിലെ കവിയുടെ ഓര്‍മ്മകള്‍!
അതാണ് ഞാന്‍ എന്ന കവി. “
(-ഞാന്‍ എന്ന കവി)
മൂന്ന് സംവത്സരങ്ങളായി ഏതാണ്ട് അക്ഷമമായിത്തന്നെ ആത്മാവിഷ്‌കാരത്തില്‍ ഏര്‍പ്പെട്ടു പോരുന്ന കവിയുടെ ശ്രേഷ്‌ട രചനകളെ വെറും വ്യാപ്തിവെച്ചു നോക്കിയാല്‍പ്പോലും ഇത്തരമൊരു കുറിപ്പിന്റെ നിയുക്തപരിധിയില്‍ കൊള്ളിക്കുക എന്നത് എളുപ്പമല്ല. അങ്ങനെ വ്യാമോഹം എനിക്കില്ല താനും. ആകപ്പാടെ ഒരവലോകനം. എവിടെ ഏതു ബിന്ദുവില്‍ നിന്നാരംഭിക്കണം എന്നതാകുന്ന എന്റെ പ്രാഥമികമായ പാരവശ്യം.
പക്ഷേ ഒന്നുണ്ട്; മന്ത്രത്തിലേക്കുള്ള സഗീറിന്റെ പരിണതി മൌലികമായ സൌന്ദര്യബോധത്തിന്റെ മറ്റൊരു പടവ് മാത്രമാകുന്നു എന്ന് ഉപദര്‍ശിക്കാവുന്നതാണ്. മുഗ്‌ധം, മൃദുലം, മധുരം, മായികം ഇങ്ങനെ പറഞ്ഞു പരിചിതമായ സൌന്ദര്യബോധത്തിന്റെ സരളതകള്‍ മാത്രമല്ല, പൂവിന്റെ താരള്യത്തോടൊപ്പം മുള്ളിന്റെ കാര്‍ക്കശ്യവും അനുഭവിപ്പിക്കുന്ന, തരളതയുടെ വിപരീതങ്ങളെക്കൂടി സന്നിവേശിപ്പിക്കുന്ന, ഏറെക്കുറെ ഏകമുഖമായി സമൂഹത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമഗ്രവും സന്തുലിതവുമായ അഭിവീക്ഷണമാണ് സഗീറിന്റെ കവിതകള്‍ എന്ന് പൊതുവില്‍ വിവക്ഷിക്കാവുന്നതാണ്.
സൌന്ദര്യം സത്യവും തമ്മില്‍ പടലപ്പിണക്കമുണ്ട് എന്നതല്ലേ പൊതുധാരണ? എന്നാല്‍ പരക്കേയുള്ള ഈ ധാരണ ദൃഢപ്പെടുത്തിയ ചങ്ങമ്പുഴയെപ്പോലെ ആ ധാരണ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നതാണ് സഗീറിന്റെ കവിതകള്‍. സൌന്ദര്യത്തിനു വേണ്ടി സത്യത്തെയോ സത്യത്തിനു വേണ്ടി സൌന്ദര്യത്തെയോ ബലി കഴിക്കുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഈ കവിതകളില്‍ കാണാം.
“നീ ചിരിക്കരുത്,
നീ കരയരുത്,
നീ ഉണ്ണരുത്, നീ ഉറങ്ങരുത്.
നീ പണയപ്പെടുത്തു;
നിന്റെ നെല്‍പ്പാടം!.
നിനക്കും കിട്ടും വായ്പ്പ!.
വിദ്യാഭ്യാസ വായ്പ്പ!.
ഭവന വായ്പ്പ!.
സ്വയം തൊഴില്‍ വായ്പ്പ!.
നിനക്കും വാങ്ങാം;
കാറും,ബസ്സും!.“ (നിനക്കും കിട്ടും വായ്പ)

ഒരു കവിയുടേതാണല്ലോ ഈ വിളംബരം, വെറും ദാര്‍ശനികന്റേത് അല്ല. സത്യത്തിലുള്ള നിഷ്‌ഠ പോലെ ശില്പത്തിലുള്ള നിഷ്‌കര്‍ഷയും ഇവിടെ കവിതയെ പ്രവചനരൂപത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ന് നാം കാണുന്ന സത്യം കവി ഇന്നലെപ്പറഞ്ഞു. ആശാ‍നും ഇതുതന്നെയല്ലേ പറഞ്ഞു വെച്ചത്?
മന്ത്രം, കവിത, സത്യം, സൌന്ദര്യം ഇവയെല്ലാം സഗീര്‍കവിതകളുടെ മുകള്‍പ്പര്‍പ്പ് മാത്രമാകുന്നു. അടിയൊഴുക്കില്‍ എല്ലാം ഒന്നുതന്നെ എന്നതാവില്ലേ സഗീറിന്റെ ആന്തരം? ലൌകികം-ആത്മീയം ഇത്യാദി ദ്വന്ദങ്ങളെ ഏതോ വിതാനത്തില്‍ ഐക്യപ്പെടുത്തുകയാണ് സഗീര്‍.
“ഒന്നാമനിവന്‍ ഏമ്പക്കം
രണ്ടാമനിവനോ അധോവായുവല്ലോ
മൂന്നാമനിവന്‍ മലവും
നാലാമനിവന്‍ മൂത്രവും ...” (14 വേഗങ്ങള്‍)

വേഗങ്ങളുടെ അടിയൊഴുക്കില്‍ കവി അന്തിമമായ സാഫല്യമാണ് വായനക്കാര്‍ക്ക് നിവേദിക്കുന്നത് എന്നതിന് ഇതില്‍പ്പരം ഒരു തെളിവു വേണ്ടതില്ല. ഒരു കവി ഇത്രയും സാധിച്ചാല്‍ മതി.നിര്‍ഭാഗ്യവാനായ വിമര്‍ശകനാവട്ടെ, ഇതിനു നിദര്‍ശനങ്ങള്‍ കണ്ടെത്തുക എന്ന നിയോഗം ശേഷിക്കുന്നു.
വ്യാഖ്യാനത്തിന്റെ ഉപ്പ് അധികം വാരിവിതറി ആഹരിക്കാന്‍ യോഗ്യമല്ലാത്തവിധം കൈപ്പിക്കുക എന്നത് ഈ കുറിപ്പുകാരന്റെ ലക്ഷ്യമല്ലാത്തതിനാല്‍ വ്യാഖ്യാനമൊന്നും ആവശ്യമില്ലാത്ത പച്ചയായ ഉദാഹരണം ഉദ്ധരിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
“ഞാനും നീയുംസ്നേഹമാണ്‌!.
ഞാനും നീയും സ്നേഹവും കല്ല്യാണമാണോ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളാണോ ?
ഞാനും നീയും സ്നേഹവും കല്ല്യാണവും മക്കളുംകുടുംബമാണോ ? “ (ഞാനും നീയും)
വരിഷ്ഠമായ ഈ പ്രതിഭയില്‍ കവിതയുടെ താമര വാടുന്നില്ല. വാടാത്തതിനു കാരണമാകട്ടെ, സവിശേഷമായ സൌന്ദര്യ ദര്‍ശനത്തിന്റെ സൂര്യന്‍ കെടുന്നില്ല എന്നതു തന്നെ. പെരുമാറാവുന്ന പ്രമേയം എന്തോ ആവട്ടെ, ആര്‍ജ്ജവം കൊണ്ടാണ്, ആത്മാര്‍ത്ഥത് കൊണ്ടാണ് സഗീര്‍ കൈയൊപ്പ് ചാര്‍ത്തുന്നത്.

Saturday, August 9, 2008

ബെസ്റ്റ് ഓഫ് വര്‍മ്മ കമന്റ്സ്

പോസ്റ്റ്: സര്‍വ്വരാജ്യ വര്‍മ്മമാരേ സംഘടിക്കുവിന്‍
ദേവന്‍ said...
വര്‍മ്മമാരുടെ ക്ലബ്ബ് ആണോ? എന്നാല്‍ അതിനു “സംയുക്ത വര്‍മ്മ” എന്നല്ലേ ശരിയായ പേര്‍ :)
ദില്‍ബാസുരന്‍ said...
ഈ സൈസ് മലയാള ബ്ലോഗ് വായിച്ചിട്ടാണെന്ന് തോന്നുന്നു പണ്ട് വിവേകാനന്ദ് എന്നൊരാള്‍ കേരളം ഒരു വര്‍മ്മാലയം എന്ന് പറഞ്ഞത്. ആള് വര്‍മ്മയാണോന്നറിയില്ലാ... :-)
ഗാനഭൂഷണം സുഗുണ വര്‍മ്മ said...
സമൂഹ ഗാനം.
(ആണ്) ബ്ലോഗിനൊന്നു ഭൂഷണമായ്
(പെണ്ണ്) വര്‍മ്മ..വര്‍മ്മാ
(ആണ്)വര്‍മ്മകള്‍ക്കൊരു ആശ്രയമായ്
(പെണ്ണ്) വര്‍മ്മാലയം ല ല ല
(ആണ്) ല ല ല ല വര്‍മ്മാലയം
(പെണ്ണ്) സ്നേഹം നിറയും...
(ആണ്)സരി സരി ഗരി
(പെണ്ണ്)ഫലിതം പകരും...
(ആണ്)പധനി സരിസ ഗാ
(പെണ്ണ്) ബൂ‍ലോഗത്തിന്‍ വര്‍മ്മാലയം
(ആണ്) ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
(ആണും പെണ്ണും)സ നി സ നി പ നി
മ പ മ ഗ സാ പാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം
ഞങ്ങടെ പ്രിയമാം വര്‍മ്മാലയം

നടന്‍ ബിജുമേനോന്‍ said...
ടീ... സംയുക്താവര്‍മ്മേ....വീട്ടില്‍ പോടീ......
എന്റെ കണ്ണൊന്നു തെറ്റിയാല്‍ എറങ്ങിക്കോണം.....

മോണിക്ക വര്‍മ്മ said...
ക്ലിന്റന്‍ വര്‍മ്മേട്ടാ.....ചക്കരേ..... ഞാന്‍ എവിടെയൊക്കെ തപ്പി. ഹിലാരി ചേച്ചി പ്രസിഡന്റാവുന്ന് കണ്ടപ്പോ, എന്നെയൊന്നും ഒരു മൈന്റുമില്ലാല്ലെ അണ്ണന്. ഞാന്‍ മിണ്ടൂല്ല. പഴയതൊന്നൂം അങ്ങിനെ മറക്കരുതണ്ണാ.

അഹിംസ വര്‍മ്മ said...
തല്ലി എല്ലൊടിക്കെടാ എല്ലാറ്റിന്റേം....

അശോക്‌ കര്‍ത്ത said...
ഷവര്‍മ്മ(ഒരു പ്ലേറ്റിനു 65 രൂപ) എന്തു തരം വര്‍മ്മയാണു?
മൈതീന്‍ കുട്ടി വര്‍മ്മ said...
ഒപ്പന വര്‍മ്മപ്പാട്ട്
വമ്പുറ്റ മൊഞ്ച് പെരുത്തുള്ള വര്‍മ്മ
വര്‍മ്മാബീ സഖിയെത്താന്‍ കാണുവാന്‍ - അല്ലാ
വമ്പുള്ളോരാശ പെരുത്തിട്ടീ വര്‍മ്മ
വര്‍മ്മാബീ വീട്ടിലണയുന്നേ
വര്‍മ്മാബീ തന്നുടെ കയ്യിലെ മയിലാഞ്ചി
സുന്ദര മാറില്‍ വിളങ്ങുന്ന പൂത്താലി
മുടിയിലു ചൂടിയ മണമുള്ള പൂവള്ളി
കണ്ടാനേ വര്‍മ്മ കൊതിച്ചാനേ
വെള്ളമിറക്യാനേ......

പോസ്റ്റ് : സമസ്യാ പൂരണം
പ്രശ്‌നം:
.........................................................
.........................................................
.........................................................
വര്‍മ്മേം കൂടീട്ട് ബ്ലോഗുന്നു.

ഉമേഷല്ലാത്ത വര്‍മ്മ said...
ആന പിണ്ടമിടുന്ന കണ്ടിട്ട-
ണ്ണാനുമപ്പിയിടുന്നപോല്‍
വര്‍മ്മ തന്‍ കൃതി കണ്ടനുരഞ്ജ-
വര്‍മ്മേം കൂടീട്ടു ബ്ലോഗുന്നു.

പോസ്റ്റ് : വര്‍മ്മകള്‍ എന്ത് പിഴച്ചു?
ഞങ്ങ വര്‍മ്മകള്‍ എന്ത് പിഴച്ചു?
എന്തോക്ക്യാര്‍ന്നു...തോക്ക് (ഇല്ല തോക്കുല്ല) മലപ്പുറം കത്തി (എന്ന് കത്തി?), അമ്പ് വില്ല്, ഒലക്കേടേ മൂഡ് അങ്ങനെ പവനായി വര്‍മ്മ ശവര്‍മ്മയായി :(

അര്‍ജ്ജുന വര്‍മ്മ said...
ഞാന്‍ വീണ്ടും വന്നു. എവിടെ കുരു കുലോത്തമന്മാര്‍?
എവിടെ പാഞ്ചാലി വര്‍മ്മ?
ഫീമ വര്‍മ്മ അളിയന്‍സ് ഭീമവര്‍മ്മ said...
പാഞ്ചാലി ഉഴുന്നരയ്ക്കുകയാണ് അര്‍ജ്ജുനാ, നാളെ ഇഡലി ആണ് പ്രാതലിന് എന്ന് അറിയില്ലാന്നുണ്ടോ. നീ എന്തിനാ ഇപ്പം അവളെ അന്വേഷിക്കുന്നേ? വല്ല കിളിയേയോ പൂച്ചിയേയൊ ഒക്കെ അമ്പെയ്ത് കളി അനിയാ
ഉധിഷ്ഠിര വര്‍മ്മ said...
നാളെ ഇഡലിയോ, ഫീമാ അതങ്ങ് ഭരണങ്ങാനം പള്ളീല് പറഞ്ഞാല്‍ മതി. നാളെ പുട്ട് ഉണ്ടാക്കാന്‍ ഞാനല്ലെ അവള്‍ക്ക് അരി ഇടിച്ച് കൊടുത്തത്. അതെന്ത് ചെയ്തു? പുട്ടില്ലെങ്കില്‍ തട്ടിക്കളയും. അനിയാ നഹുലാ മ്വാനേ സകദേവാ മാന്തിപ്പിച്ചികടിച്ചു കൂട്ടെടാ ഫീമേട്ടനെ.
ഫീകര വര്‍മ്മ said...
ആരാടാ അവിടെ അമ്പ് വിട്ടത്? പിന്നില്‍ കൊതൂ കടിച്ചതാണെന്നാ കരുതിയെ.
എടാ അര്‍ജ്ജുനപ്പയലേ, നിന്റെ അമ്പും വില്ലും കൊണ്ട് വല്ല കരിമത്തിയേയോ ചാളയോ പോയി പിടിച്ചോണ്ട് വാടാ. കുപ്പി പൊട്ടിക്കുമ്പം ടച്ചിം‌ഗ്സിന് വറക്കാം.
ഡോക്ടര്‍ വര്‍മ്മയെ കണ്ടില്ലല്ലോ?
മടിയില്‍ ടെക്സ്റ്റ് ബുക്ക് മലര്‍ത്തി വെച്ച് അടുത്ത പോസ്റ്റെഴുതുവാരിക്കും.
ഏകവല്യന്‍ എല്യവകന്‍ ഏക..ശോ എന്തോ ഒരു മാരണം said...
ഹെന്റെ തള്ളവിരലെടുത്ത കാര്‍ന്നോരെ ഞാന്‍ ഉണ്ടാക്കിയ തന്റെ പ്രതിമയില്‍ ഇപ്പോള്‍ കാക്കകള്‍ അപ്പിയിട്ട് കളിക്കുന്നു. ഇനിയും തീര്‍ന്നില്ലേ തന്റെ പാണ്ധവ കൌരവ മാമൂല്‍ ജാഡകള്‍?
താനൊന്നും ഒരു കാലത്തും ഗുണം പിടിക്കത്തില്ലെടോ കിളവാ. തള്ളവിരലില്ലാതെ എസ്.എം.എസ് അയക്കാന്‍ ബുദ്ധിമുട്ടുന്ന എന്റെ ഒക്കെ ശാപം താനേത് കോത്താഴത്ത് പോയി കൊണ്ട് വെയ്ക്കുമെഡൊ?
ജടായു വര്‍മ്മ said...
നിന്റെ തള്ളവിരലല്ലേ പോയുള്ളൂ ഏകമല്യാ..എന്റെ കൈ രണ്ടും കഷ്ണിച്ചു ആ ദുഷ്ടന്‍ രാവണവര്‍മ്മ‍.
അതിനെന്താ ച്ചാ നോം കല്യാണം പോലും കഴിച്ചിട്ടില്ലേയ്...കൈയ്യും ഇല്ല.
ദ്രോണ വര്‍മ്മ said...
ഏകവല്യ.. ഏലകവ്യ.. ശ്ശെ ഡാ മോനേ,
തള്ളവിരല്‍ പോയത് കൊണ്ട് എസ് എം എസ് അയയ്ക്കാന്‍ പറ്റിയില്ല എന്ന് പറയുന്ന ഇതോ അങ്കം? ടച്ച് പാഡ് ഉള്ള ഫോണ്‍ വാങ്ങീരെഡാ ഹസ്തിനപുരി മാള്‍ (ഫുള്ളി ഏസി) അവിടെ കിട്ടും. ഞാനിപ്പൊ അതാ യൂസ് ചെയ്യുന്നേ.
അശു ഏലിയാസ് അശ്വഥാമാ വര്‍മ്മ said...
ഹാരാഡാ ഹച്ചനെ തെറി വിളിച്ചേ?
അച്ചേ ഞാന്‍ അവനെ സ്റ്റാച്ച്യൂ പറയട്ടെ?
അല്ലെങ്കില്‍ സൂചി കുടുക്കോണ്ട് അവന്റെ കവിളത്ത് കുത്തട്ടെ? അല്ലെങ്കില്‍ ഹച്ചന്‍ പടിപ്പിച്ച ഫ്രമ്മാസ്ത്രം പ്രഗോയിക്കട്ടെ?

പോസ്റ്റ് : കവി
സുഭാഷ് ചന്ദ്ര വര്‍മ്മ said...
എനിക്ക് (കവികളുടെ) രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് (ഈ ശല്ല്യത്തില്‍ നിന്നും)സ്വാതന്ത്ര്യം തരാം.
ജവഹര്‍ലാല്‍ വര്‍മ്മ said...
പഞ്ചശീല ആണ് നമ്മള്‍ ഇവിടെ പ്രയോഗിയ്ക്കേണ്ടത് സുഭാഷ് ചന്ദ്രാ, മോഹന്‍ ചേട്ടാ.
1)പോളീസ്റ്റര്‍ ശീല
2)കോട്ടണ്‍ ശീല
3)നൈലോണ്‍ ശീല
5)കമ്പിളി ശീല
6)പണ്ട് റേഷന്‍ ഷോപ്പ് വഴി വിതരണം ചെയ്തിരുന്ന ആ വൃത്തികെട്ട ശീല
എന്നാലെ ഇവമ്മാരൊക്കെ ‘ഒരു പാഠം പഠിയ്ക്കൂ‘ എന്ന് ചൌവെന്‍ ലായ് വര്‍മ്മ എന്നോട് മിനിയാന്നും പറഞ്ഞു.
സെബാസ്റ്റ്യന്‍ വര്‍മ്മ said...
കുട്ടി പറഞു
എനിക്ക് കവിയാവണം മാഷേ.
എന്തിനു?
ജാട കാട്ടി പൊട്ടി തെറിയ്ക്കണം
എന്തിനു?
ബ്ലോഗ്ഗ് എഴുതുവാന്‍ നാളേയ്ക്ക്
എന്തിനു
എന്നാലെ എണ്ണം പറഞ ആളുകളുടെ മുമ്പിലു ഞെളിയാന്‍ പറ്റു
അതിനു കവിത വൃത്തം ആശയം ഒക്കെ വേണ്ടേ?
വേണ്ട, ചാറ്റില്‍ പറഞ വാക്കുകള്‍ പേസ്റ്റാക്കിയാല്‍ മതി മാഷേ.. പിന്നെ ഉറങ്ങുമ്പോഴ് തല വഴി പുതപ്പ് വീഴുമ്പോള്‍ ഞാന്‍ ചെയ്യുന്നതൊക്കേനും കവിത ആക്കാം മാഷേ.
അപ്പോ പോസ്റ്റില്‍ ആരു വരും കമന്റിടാന്‍?
അതിനു മാഷെ, ചില ഒന്നും തലേല്‍ കേറാത്ത പൊട്ടന്‍ ബുന്ദ്ധി ജീവികളുണ്ട്, അവരു വന്ന് ഗംഭീരം കലക്കന്‍, നല്ല ക്രാഫ്റ്റ് എന്ന് പറഞോളും. അവരെ മാത്രം ഞാന്‍ ഇടക്ക് ഇടക്ക് വിളിയ്ക്കും. മറുപടീ പറയുമ്പോഴ് കമന്റില്‍ വന്ന് പോയതിനും, കമന്റിനും നമോ വാകം, നിങ്ങളോക്കെ എഴുതാത്തതഅണു ബ്ലോഗിന്റെ നഷ്ടം എന്നും പറയും.
പിന്നെ
മീറ്റ് കൂടുമ്പോഴ് പോവരുത്. അവരു വിളിയ്ക്കും. എന്നാലും പോവരുത്. ബലം പിടിച്ചിരുന്നോളണം.
കേട്ടിരുന്ന മലയാളം മാഷ് ചെരിഞു വീണു. അന്ന് മുതല്‍ കുട്ടി കവിയുമായി.
തറവാടി said...
നല്ല കവിത ഇത് മറ്റു വല്ല പേരിലും പോസ്റ്റായിരുന്നില്ലേ അനുരഞ്ചന വര്‍മ്മേ അങ്ങിനേര്‍ന്നെങ്കി കുറച്ച് 'കവി'കളെങ്കിലും ഇതൊരാഘോഷമക്കുമായിരുന്നു ഇനീപ്പോ! :)
(എന്താ ഇപേരു പിടിച്ചില്ലേന്നൊന്നും ചോതിക്കല്ലെ :) )

പോസ്റ്റ്: പാരിസ്ഥിതികം
ശിവ said...
എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

കുഞ്ചു ഡബ്ലിയൂ . വര്മ്മ said...
ഹൊ, യെന്ന കവിത അനുവേട്ട.. ഞാന്‍ അങ്ങ് അലിഞ്ഞില്ലാതെയായി പോയി
"ദേവദാരുക്കളും ഇലക്‍ട്രോണുകളും നിറഞ്ഞ
സൈബര്‍ കാടുകളെക്കുറിച്ച്
പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്"..
ഉമ്മ കൊടുക്കുന്ന കരടികള്‍"
കവിത ഞാന്‍ അങ്ങേക്കു സമര്പ്പിക്കുന്നു അനുവേട്ടാ
================= =================
ഈന്തപ്പനയില്‍ ഡയബറ്റിക്കുകള്‍ (കവിത)
പൊട്ടന്‍ഷ്യല്‍ ഡിഫറന്സുകളിലെ മുഷ്ടിമൈധുനങ്ങളില്‍
ശീല്ക്കാരമുയര്ത്തുന്ന അല്ട്രസൌണ്ടുകളില്‍
ഒരു ബോംബിന്റെ ശാന്തതയില്‍ പുലര്‍കാല വേളകളില്‍
തുള്ളിക്കളിക്കുന്ന വികലാംഗന്റെ പട്ടികള്‍
അവരെന്തരിയുന്നു പ്രോട്ടോനുകളിലെ ഭാവന്തരം
മഴ്മെഖജാലങ്ങള്‍ കനിഞ്ഞര്‍ലും ഈ ടാറിട്ട റോട്ടില്‍
ചന്തമേഴും ഈ ചന്തികളുരയുന്ന ഘര്‍ഷണ സുഖങ്ങളില്‍
എരിയുന്ന വെല്‍ഡിങ്ങ് റാഡീന്റെ അതി ശൈത്യത്തില്
പുളഞ്ഞ ഗിയറുപോലെ
തിരിയുന്ന പല്ചക്രങ്ങളില്
അടികിട്ടി കൊഴിഞ്ഞ പല്ലുകള്
ഡെന്റിസ്റ്റിന്റെ മനസ്സില്‍ വിഹല്വതകള്‍ സ്ര്^ഷ്ടിച്ച
തമോബാഷ്പങ്ങളായ്
പാറ്റകള്‍ ചേക്കേറുന്ന വനാന്തരങ്ങളില്‍
പട്ടിണിക്കോലങ്ങളായ പുലികള്‍
മെറ്റല്‍ ഡിറ്റക്റ്ററിന്റെ സത്യം പോലെ
ഇരുണ്ട ഗുഹകളില്‍ ദീന രോദനങ്ങള്

പോസ്റ്റ് : ഓള്‍ കേരളാ വര്‍മ്മ അക്കാദമി

ഫാ.മാര്‍ എത്തിപ്പിടിയോസ് വര്‍മ്മ said...
ബ്ലുഞ്ഞാടുകളേ, ഞാനും എന്നൊടൊപ്പം മറ്റു ചിലവര്‍മ്മമാരും അഖാധമിയുഠെ സംസ്‌ദാന കോര്‍ഡിനേറ്റര്‍മാരായി നിയമിക്കപ്പെട്ടിരിക്കുന്ന ഈ വേളയില്‍ അല്ലെങ്കിലീ അവസരത്തില് ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ. അധികം ഉയരമില്ലാത്ത വര്‍മ്മിണിമാര്‍ ശില്പശാലക്ക് വരിക‌യാണെങ്കില് എന്റെ അധ്വാനം ഇത്തിരി കൊറഞ്ഞിരിക്കും. എത്തി എത്തി എന്റെ നട്ടെല്ലിന്റെ അടപ്പൂരിയിരിക്കയാണ്.

സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍ said...
വര്‍മ്മ അക്കദമിയുടെ ഉല്‍ക്കാടനത്തിനു ചൊല്ലാന്‍ ഒരു കവിത ഞാന്‍ എഴുതീട്ടുണ്ട്.
കവിത :- അക്കാദമിക്കും കിട്ടും വായ്‌പ
രചന:- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍
ഫോട്ടോ(എടുക്കാന്‍ ഫോട്ടോഗ്രാഫറെ വിളിക്കാന്‍ പോകുന്നത്) :- സക്കര്‍ വര്‍മ്മ പണ്ടാരക്കലത്തില്‍
അക്കാദമീ നീ കുടിക്കരുത്
അക്കാദമീ നീ വലിക്കരുത്
അക്കാദമീ നീ പ സോറി ഉണ്ണരുത്
അക്കാദമീ നീ ഉറങ്ങരുത്
അക്കാദമീ നീ കളിക്കരുത്
അക്കാദമീ നീ പണയപ്പെടുത്തു
അക്കാദമീ നിനക്ക് ഓഫീസ് കെട്ടിടം പണിയണ്ടേ
പക്ഷേ പണയപ്പെടുത്താന്‍ എന്തുണ്ട് നിന്റെ കയ്യില്‍
രണ്ട് ടണ്‍ തെറിയല്ലാതെ
അത് കൊണ്ട്
അക്കാദമീ നിനക്ക് കിട്ടില്ല വായ്‌പ
അക്കാദമീ നിനക്കും വാങ്ങാം
കാറും,ബസ്സും, മൊബൈല്‍ ഫോണും
ഒരു ബാങ്ക് കൊള്ളയടിച്ചാല്‍ മതി

വെള്ളെഴുത്ത്‌വര്‍മ്മ said...
ചരിത്രാതീതകാലത്ത് ഭൂമിയുടെ ഭഗ്നരേതസ്സില്‍ ആകാശമാകെ ചെന്നിറം പുലികിയ ഒരു സന്ധ്യയില്‍ ഇതു പോലെ ഒരു കൂട്ടം വര്‍മ്മമാര്‍ കൂട് വിട്ട് കൂട് തേടി അലഞ്ഞു
ഞാന്‍ പറയുന്നത് നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല.അത് ജിന്‍‌ജര്‍ ലഡ്ക്കിക്കും കണക്കുപ്പിള്ളഗുപ്തനും മാത്രെ പിടി കിട്ടു

മിന്നാത്തമിനുങ്ങ് ഷാജി said...
വര്‍മ്മകളെ, ഞാന്‍ കോപ്പിയടിക്കാതെ എഴുതിയ ഈ പുതിയ കവിത നമ്മുടെ സുവനീറില്‍ പ്രസിദ്ധീകരിക്കണം. കവിത താഴെ..
പതിമൂന്നു മക്കളെ പെറ്റൊരമ്മെ..
നിന്റെ സന്താനങ്ങളില്‍ ഞാനാണ് വര്‍മ്മ..
പതിമൂന്നു കാലവും നീറ്റുമമ്മെ..
നിന്റെ സന്താനങ്ങളിന്‍ ഞാനാണ് വര്‍മ്മ..
നിന്റെ തലയില്‍ അരിക്കും പേനുകളില്ലെ?
കണ്ണിലിരവിന്റെ പാശാസ്ത്യ കരിമഷിയല്ലെ..
ഉള്ളില്‍ തീക്കോണില്‍ തീ ചികഞ്ഞാടും നഗ്നരാം സ്വര്‍ഗവാസികളാം വര്‍മ്മകളല്ലെ...
മിന്നാത്തമിനുങ്ങ് ഷാജി.

ധിക്കാരിമഷ്ടാ വര്‍മ്മ said...
വര്‍മ്മകള്‍ പെരുകേണ്ടത് ചരിത്രത്തിന്റെ ആവശ്യമാകുന്നു. ജപ്പാനില്‍ കുമൊ കവ ബാത്ത എന്ന ഒരു പണ്ഡിതന്‍ പണ്ട് വര്‍മ്മാലയം തുടങ്ങിയതായി ഇവിടെ പറയുന്നു
www.kava_varmma.com/varmmainjapan
പിന്നെ സുസുക്കി കുവാനി എന്ന ബുദ്ധ ബിക്ഷു ആ വര്‍മ്മ സംഘത്തെ സെന്‍ ബുദ്ധമതവുമായി ബന്ധപ്പെടുത്തുകയും ഫക്കിയോനി യുവാന്‍ എന്ന യുവസന്യാസി അതിനെ രണ്ടാം ലോക മഹാ യുദ്ധത്തില്‍ അമേരിക്കയ്ക്കെതിരെ അണി നിരത്തുകയും ചെയ്തു

സഞ്ചിപ്പെണ്ണ് said...
എന്റെ നാല് കെട്ടിയോനും ബോട്ടും ..എന്ന ബ്ലോഗില്‍ നിന്ന് ചില വാക്കുകള്‍ മോഷണം പോയിരിക്കുന്നു.. ഞാന്‍ ബ്ലൊഗില്‍ ഉപയോഗിച്ച വാക്കുകളായ ‘ഒരിക്കല്‍’, ‘പെട്ടന്ന് ’, ‘ഇവിടുത്തെ’, ‘മാത്രമല്ല’, ‘വന്നു കേട്ടോ’, ‘ചെന്നാൽ ’... എന്നീ വാക്കുകള്‍ മിന്നാത്തമിനുങ്ങ് ഷാജീ എന്ന് ബ്ലോഗര്‍ മോഷ്ടിച്ചിരിക്കുന്നു... അതു കൊണ്ട് എല്ലാ വര്‍മ്മകളും മുഖത്ത് കരിവാരി തേക്കണമെന്ന് അപേക്ഷിക്കുന്നു...

തക്കോലിക്കാ ഭൂരിപക്ഷവര്‍മ്മ said...
എം എ ബേബിയെ അക്കാദമിയില്‍ എടുക്കരുത്..ഏഴാം ക്ലാസ് പുസ്തകം പിന്‍‌വലിക്കണം..അറ്റ്ലീസ്റ്റ് വര്‍മ്മമാറ്റ്രെ പഠിപ്പിക്കരുത്. വര്‍മ്മമാരുടെ മക്കളെ വര്‍മ്മമാരുടെ ഉസ്കൂളില്‍ തന്നെ പഠിപ്പിക്കണം..വര്‍മജനസംഖ്യ കുറയ്ക്കാനുള്ള നീക്കം നിര്‍ത്തണം. വര്‍മാസൂത്രണം അറബിക്കടലില്‍..ദൈവമായിട്ടു തരുന്ന വര്‍മ്മക്കുഞ്ഞുങ്ങളെ സര്‍ക്കാരായിട്ട് വേണ്ടെന്ന് പറയരുത്..വര്‍മ്മസ്വര്‍വകലാശാലകള്‍ തുടങ്ങാന്‍ സമയമായി..സീരിയലുകളില്‍ വര്‍മമാരെ അപമാനിക്കുന്നത് നിര്‍ത്തണം..വിമോചനസമരത്തില്‍ പങ്കെടുത്ത വര്‍മ്മമാരെ സര്‍ക്കാര്‍ ചിലവില്‍ ആദരിക്കണം..

വര്‍മ്മ ഹാജി. said...
വര്‍മ്മ ക്വിസ്.
1) കെ.പി കുമാരന്‍ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_____________ കണ്ടി.
a. അഞ്ചര b. ആറര c. ഏഴര.
2) മസാല വിനശ്കന്‍ ജബലെലിയില്‍ ‌‌‌‌‌‌‌‌‌‌______തവണ പോയി വരും.
a. ഡെയ്ലി b. വീക്കിലി. c. മന്തിലി.
3) തേങ്ങയടി യാണ് ‌______ന്റെ പ്രധാന ഹോബി ?
a.സുല്ല് b. പുല്ല് c. കല്ല്
First Prize : ഒരു കിലോ ഇഞ്ചി.
Second Prize : ഒരു ഷീറ്റ് ഡബ്ബര്‍.
third Prize : രാജ് നീട്ടയത് ഒരു കഷ്ണം..

മിന്നാത്ത മിനുങ്ങ് ഷാജി. said...
ഞാന്‍ മലയാളം കവിത എഴുത്ത് നിര്‍ത്തി....ഇനി കോപ്പി അടിക്കാതെ സ്വന്തമായി ഇംഗ്ലീഷ് കവിത (പോയം) എഴുതുകയാണ് എന്ന വിവരം എല്ല വര്‍മ്മകളെയും അറിയിച്ചു കൊള്ളുന്നു..
എന്റെ ആദ്യ ഇംഗ്ലീഷ് കവിത.
Different Haircutter Peter,
Nobody Identified , yes Never..
Shaving Peoples Leader,
Not Only a Peter, But also a Killer
Different Haircutter Peter,
Nobody Identified , yes Never..
Peter a Killer,
a Hair Cutter,
is a Lover,
Face Shaver,
Our Peter, peter peter peter...
Different Haircutter Peter,
Nobody Identified , yes Never..
എന്റെ പേരും മാറ്റി..
ഷൈനിങ്ങ് ഷാജി.

Sunday, August 3, 2008

ഓള്‍ കേരളാ വര്‍മ്മ അക്കാദമി

ഓള്‍ കേരളാ വര്‍മ്മ അക്കാദമി
***************************

സര്‍വ്വ രാജ്യ വര്‍മ്മമാരേ, വര്‍മ്മിണികളേ,
ഒരു കാലത്ത് ബൂലോഗദേശത്ത് ആരാലും ചോദ്യം ചെയ്യപ്പെടാനാവാത്ത അപ്രമാദിത്വം നേടുകയും ബൂലോഗത്തെ ഓരോ മുക്കിലും മൂലയിലും കമന്റൊഴുക്കുകളിലൂടെ നിറസാന്നിദ്ധ്യം അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന വര്‍മ്മമാര്‍ ഇന്ന് വിസ്‌മൃതിയുടെ ആഴക്കയങ്ങളിലേക്ക് ആപതിച്ചു കൊണ്ടിരിക്കുകയാണ് എന്ന ദുഃഖസത്യം വര്‍മ്മമാരെ സംബന്ധിച്ചിടത്തോളം അതിഖേദകരം തന്നെയാ‍ണെന്ന് പ്രത്യേകം ഉണര്‍ത്തിക്കേണ്ടതില്ലല്ലോ?
വര്‍മ്മമാരുടെ ഈ ദുരവസ്ഥക്ക് ഒരു പരിഹാരം കാണുന്നതിനും വര്‍മ്മമാരുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്തേ പറ്റൂ എന്നൊരു പൊതുവികാരം സകലവര്‍മ്മമാരിലും അന്തര്‍ലീനമായിരിക്കുന്നതായി വര്‍മ്മാലയത്തില്‍ ദിനേനയെന്നോണം ലഭിക്കുന്ന മെമ്മോറാണ്ടങ്ങളില്‍ നിന്ന് മനസ്സിലാവുന്നു.
ആയതിനാല്‍ നമ്മുടെ സ്വന്തം നാട്ടില്‍ ചാരായഷാപ്പ്, വിമന്‍സ് ഹോസ്റ്റല്‍, സ്കൂള്‍-കോളജ് കവാടങ്ങള്‍, ചീട്ടുകളി സ്ഥലം, ബാര്‍ തുടങ്ങി ഏതെങ്കിലും പ്രവര്‍ത്തനമണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ മൂന്നോ മൂത്ത വര്‍മ്മമാരുടെ സഹകരണത്തിലൂടെയെങ്കിലും ഒരു വര്‍മ്മ അക്കാദമിയോ അസ്സോസിയേഷനോ ഒരു വര്‍മ്മക്കൂട്ടായ്‌മയോ രൂപീകരിച്ച് വര്‍മ്മ എന്ന ആഗോളപ്രതിഭാസത്തെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും വര്‍മ്മയാകാന്‍ ആഗ്രഹിക്കുന്നവരെ വര്‍മ്മകളിയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചും പ്രോത്സാഹിപ്പിച്ചും വര്‍മ്മാലയത്തിലെ അന്തേവാസിയാകുവാന്‍ സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് വര്‍മ്മമാരെ കൂടുതല്‍ ജനകീയമാക്കുകയും വര്‍മ്മസാന്ദ്രത കൂട്ടുവാന്‍ കാരണമാകുകയും അതുവഴി ബൂലോഗത്തെ പുത്തന്‍ 'സാഹിത്യ-സാംസ്കാരിക' രംഗത്ത് ഒരു നവചൈതന്യം വരുത്താനുതകുകയും ചെയ്യുമല്ലോ. വര്‍മ്മവിരോധം പൂണ്ട കുത്തക കവികള്‍, ഫെമിനിസ്റ്റുകള്‍, ബുജികള്‍ എന്നിവരെ നിര്‍വ്വീര്യമാക്കുക വഴി ബൂലോഗത്ത് വര്‍മ്മമാരുടെ അഭിപ്രായത്തിന് നിര്‍ണ്ണായക സ്വാധീനം കൈവരികയും ചെയ്യും. ആകയാല്‍ വര്‍മ്മമാരുടെ കൂട്ടായ്മ എത്രയും വേഗം സാധ്യമാകേണ്ടതുണ്ട്.
നിരവധി പേര്‍ വര്‍മ്മാലയം സന്ദര്‍ശിക്കുമെങ്കിലും ഒരു യഥാര്‍ത്ഥ വര്‍മ്മയാകാന്‍ വേണ്ട മാനസിക-ശാരീരിക പരിശീലനം അവര്‍ക്ക് യഥാവിധി ലഭിക്കുന്നില്ല എന്ന പോരായ്‌മ പരിഹരിക്കാന്‍ പ്രാദേശികതലത്തില്‍ തന്നെ നാം വര്‍മ്മ ശില്പശാലകള്‍ നടത്തേണ്ടതാണ്. പുതുതായി വര്‍മ്മാലയത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് വര്‍മ്മകളിയുടെ ബാലപാഠങ്ങള്‍ നേരിട്ട് അനുഭവിപ്പിച്ച് കാണിക്കുന്നതിനും ഈ ശില്പശാലകള്‍ ഉപയുക്തമാകും. ആദ്യമായി നാം ചെയ്യേണ്ടത് രണ്ടോ മൂന്നോ പ്രമുഖവര്‍മ്മമാരുടെ നേതൃത്വത്തില്‍ ഒരു സംഘടന തട്ടിക്കൂട്ടി വര്‍മ്മശാലക്ക് തീയതി നിശ്‌ചയിച്ച് ഒരു ബാര്‍ ബുക്ക് ചെയ്യുക, പത്ര സമ്മേളനം വിളിച്ച് ഓരോ പൈന്റ് വീതം പത്രക്കാരനു കൊടുത്ത് പത്രത്തില്‍ നാലു കോളം വാര്‍ത്ത വരുത്തുക മുതലായവയാണ്.
ഇവിടെ സാദാ‍ അക്കാദമിയെ അപേക്ഷിച്ച് വര്‍മ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പത്രസമ്മേളനം വിളിക്കുന്ന കാര്യം അതീവ രഹസ്യമായി സൂക്ഷിക്കണം. ഇല്ലെങ്കില്‍ പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങുന്ന സമയത്ത് വിശ്വത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് ചില വര്‍മ്മമാര്‍ പ്രഭ ചൊരിഞ്ഞു കൊണ്ട് ചാടി വീഴും. കഷ്‌ടപ്പെടുന്ന വര്‍മ്മമാര്‍ ഊ...ഊളകളാകും. ഏതു ബൂലോഗസംരഭവുമെന്ന പോലെ ശില്പശാലയുടെ ക്രെഡിറ്റും പ്രഭാപൂരത്തൊടെ എട്ടുകാലി വര്‍മ്മമാര്‍ കൊണ്ടു കൊണ്ട് പോകും. ജാഗ്രതൈ!
അതുപോലെ വല്ല പട്ടമരപ്പ് വര്‍മ്മമാരും വടീം കുത്തി ശില്പശാലക്ക് വന്നാല്‍ മൈക്ക് ആദ്യം അവരുടെ കയ്യില്‍ കൊടുക്കരുത്. കൊടുത്താല്‍ ലഡാ‍ക്കിലെ ബാരക്കില്‍ വെടിവെച്ചതു മുതല്‍ മുള്ളുമുരിക്കിന്റെ പട്ടമരപ്പിനു പൊകയിലക്കഷായം ഉണ്ടാക്കിയതും റിച്ചാഡ് സ്റ്റാള്‍മാന് ഉബുണ്ടു പഠിപ്പിച്ചതും വിത്തുകാള പെറ്റതും വരെയുള്ള വാളുകള്‍ നിങ്ങളുടെ ഗളങ്ങളെ ഛേദം ചെയ്യുമെന്ന കാര്യം ഓര്‍മ്മ വേണം.
ആദര്‍ശശാലികളായ വര്‍മ്മമാരെ ഒരു കാരണവശാലും അടുപ്പിക്കരുത്. എന്തെന്നാല്‍ നമ്മള്‍ കഷ്‌ടപ്പെട്ട് സംഘടിപ്പിക്കുന്ന വര്‍മ്മശില്‍പ്പശാലകള്‍ യാതൊരു ചളുപ്പുമില്ലാതെ ഹൈജാക്ക് ചെയ്യാന്‍ ഈ ആദര്‍ശവര്‍മ്മമാര്‍ കാലേക്കൂട്ടി സ്ക്രിപ്റ്റ് തയ്യാറാക്കി ശില്‍പ്പശാലയില്‍ വന്ന് വര്‍മ്മമാരെയൊക്കെ മിഴുങ്ങസ്യാന്നാക്കി പൊറാട്ട് നാടകം കളിക്കും. ഇത്തരം കൊശിനാക്കൊള്ളികളെയൊക്കെ അകറ്റി നിര്‍ത്തിയാല്‍ വര്‍മ്മ അക്കാദമി നമ്മടെ ഉള്ളംകൈയ്യില്‍ തന്നെ ഇരിക്കും. അക്കാദമിയിലേക്ക് വരുന്ന നവവര്‍മ്മമാരെക്കൊണ്ട് നമുക്ക് ചുടുചോറു വാരിപ്പിക്കാം, തലകുത്തി മറിയിക്കാം, ചാടിക്കളിക്കെടാ വര്‍മ്മരാമാ...ഹയ്യട!
വര്‍മ്മ അക്കാദമി എന്ത്? എന്തിന്?
*********************************

ഓള്‍ കേരള വര്‍മ്മ അക്കാദമി ഒരു അധികാര സ്ഥാപനമല്ല. കാണുന്ന വര്‍മ്മമാര്‍ക്കെല്ലാം വലിഞ്ഞു കേറി വന്ന് നെരങ്ങാനുള്ള സ്ഥലമല്ലെന്നര്‍ത്ഥം. നിശ്‌ചിത ഭരണഘടന ഉണ്ടായിരിക്കുന്നതല്ല. ഞങ്ങള്‍ക്ക് അപ്പപ്പോ തോന്നുന്നതാണ് നിയമം. അക്കാദമിക്ക് ഭാരവാഹികളും ഉണ്ടായിരിക്കില്ല. അതെല്ല്ലാം ഞങ്ങള്‍ റിമോട്ടിലൂടെ കണ്ട്രോള്‍ ചെയ്തോളാം. എന്നിരുന്നാലും അക്കാദമിയില്‍ വിവിധമതക്കാരായ വര്‍മ്മമാരുടെയും മതമില്ലാത്ത വര്‍മ്മമാരുടെയും വര്‍മ്മിണികളുടേയും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി തഴെപ്പറയുന്നവരെ സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായി നിയമിക്കുന്നതാണ്.
1. ബ്രഹ്മശ്രീ സന്തോഷ് മാധവ ഭദ്രാനന്ദ വര്‍മ്മ.
2. ഫാദര്‍ മഠത്തിലകത്ത് മാര്‍ എത്തിപ്പിടിയോസ് വര്‍മ്മ.
3. റെജീന മന്‍സില്‍ കുഞ്ഞാലിക്കുഞ്ഞ് വര്‍മ്മ.
4. നടുമറുകു വര്‍മ്മ.
5. മാസ്റ്റര്‍ എം.ഐ. ജീവന്‍വര്‍മ്മ.
6. സ്ത്രീകളെ പ്രതിനിധീകരിച്ച് ലേഡീസ് ഒണ്‍‌ലി ഹരികുമാരവര്‍മ്മ
സാദാബ്ലോഗര്‍മ്മാരെ ഒന്നാന്തരം വര്‍മ്മമാരാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അത് സാധിക്കുന്നതോടെ വര്‍മ്മാലയമൊഴിച്ച് മറ്റു ബ്ലോഗുകളെല്ലാം ഒന്നൊന്നായി നമുക്ക് പൂട്ടിക്കാം.
വരുന്നൂ... വര്‍മ്മ ക്ലബ്ബുകള്‍...
**************************

അക്കാദമി എന്ന പേരു കേട്ടാല്‍ ഇതേതോ അക്കാദമിക് സ്ഥാപനമാണെന്ന് തെറ്റിദ്ധരിച്ച് ഇതിന്റെ ഏഴയലത്ത് അടുക്കാന്‍ വിസമ്മതിക്കുന്ന വര്‍മ്മമാരെ നമുക്ക് കയ്യൊഴിയാനാകില്ല. അസംഘടിതമായ വര്‍മ്മ അക്കാദമിയെ മുഴുവന്‍ സമയ പരിലാളനയോടെ നോക്കിനടത്താന്‍ അവര്‍ണ്ണയുദ്ധവും തെറിവിളിയും കഴിഞ്ഞ് ഇതിന്റെ ചുക്കാന്‍ പിടിക്കാന്‍ പിടിക്കുന്ന പെയിന്റടിക്കാരവര്‍മ്മക്ക് സമയം കിട്ടിക്കൊള്ളണമെന്നുമില്ല. ഈപരിമിതികള്‍ മറികടക്കാന്‍ വര്‍മ്മ അക്കാദമി മുന്നോട്ട് വെക്കുന്ന ആശയമാണ് വര്‍മ്മ ക്ലബ്ബുകള്‍.
പ്രാദേശിക വര്‍മ്മ ക്ലബ്ബുകള്‍.
വര്‍മ്മ അക്കാദമിയുടെ ശില്‍പ്പശാലകളെയും മറ്റു പ്രവര്‍ത്തനങ്ങളെയും സാമ്പത്തികമായി സഹായിക്കാനും സ്പോണ്‍‌സര്‍മാരെ കണ്ടെത്താനും പ്രാദേശിക വര്‍മ്മ ക്ലബ്ബുകള്‍ ഉണ്ടാക്കണം.
പ്രദേശത്തെ കൊട്ടേഷന്‍ ടീമുകള്‍, വ്യാജവാറ്റുകാര്‍ , ഐസ്ക്രീം-ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ തുടങ്ങിയവരെ അക്കാദമിയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യ വഴി. ശില്‍പ്പശാലകള്‍ ഏതെങ്കിലും സി ക്ലാസ്സ് സിനിമാ കൊട്ടകയില്‍ വെച്ച് നടത്തുകയാണ് ഉചിതം. പ്രൊജക്റ്ററിന്റെ ചെലവ് ലാഭിക്കാമെന്ന് മാത്രമല്ല, ശില്‍പ്പശാലക്ക് മുന്നോടിയായി രേഷ്‌മ വര്‍മ്മ, ഷക്കീല വര്‍മ്മ, സജ്‌നി വര്‍മ്മ മുതലായ ട്യൂഷന്‍ റ്റീച്ചര്‍മാരുടെ സ്റ്റഡീ ക്ലാസ്സുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക വഴി ശില്‍പ്പശാലയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താം. ശില്‍പ്പശാലക്ക് ശേഷം ക്ലബ്ബ് മെമ്പര്‍മാര്‍ക്ക് ദാഹശമനത്തിനും ആഗ്രഹപൂര്‍ത്തീകരണത്തിനും സൌജന്യമായി അവസരമൊരുക്കുക എന്നതാണ് വ്യാജവാറ്റുകാര്‍ , ഐസ്ക്രീം-ബ്യൂട്ടി പാര്‍ലര്‍ ഉടമകള്‍ തുടങ്ങിയവരെ സ്വാധീനിക്കുന്നതിന്റെ ഉദ്ദേശം. അക്കാദമിയുടെ അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ ചില പൊതു നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഒരു കാരണവശാലും ശില്‍പ്പശാലക്ക് ശേഷം പൊതുസ്ഥലത്ത് വാളുവെക്കാന്‍ പാടില്ല. വര്‍മ്മമാരുടെ കപ്പാസിറ്റിയില്‍ ജനത്തിനു സംശയം തോന്നാന്‍ പ്രസ്തുത നടപടി കാരണമാകും.
വര്‍മ്മ ക്ലബ്ബുകളുടെ പ്രത്യേകതകള്‍:
1) മാമൂലുകള്‍ക്ക് വിട
നിലവിലുള്ള പൊതുചടങ്ങുകളുടെ രൂപത്തെ പാടെ നാം തള്ളിക്കളയണം. കാണികള്‍ക്കും, അതിഥികള്‍ക്കും,ഭാരവാഹികള്‍ക്കും തുല്യതാബോധം പകരുന്ന പുതിയ രീതി നാം പരീക്ഷിക്കും. പഴയ ഭേദവിചാരങ്ങളുടെ മാലിന്യങ്ങളായ പൊതുരീതികളെ ഉപേക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യകതകൂടിയുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്‌‍‍. എല്ലാവരും തുല്യരാണിവിടെ. ആയതിനാല്‍ വര്‍മ്മമാര്‍ക്കും വര്‍മ്മിണിമാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പരമ്പരാഗത ഇരിപ്പു രീതി നാം പ്രോത്സാഹിപ്പിക്കാത്തതിനാല്‍ വര്‍മ്മമാരും വര്‍മ്മിണിമാരും കിടന്നുകൊണ്ട് വര്‍ക്ക്‍ഷോപ്പ് ചെയ്യുന്ന രീതിയായിരിക്കും നല്ലതെന്ന് സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു. ചെറുപ്പക്കാരികളായ വര്‍മ്മിണിമാര്‍ മുതുവര്‍മ്മമാരുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ തുനിയാതിരിക്കുന്നതാണ് ഉചിതം; വെറുതേ പുലിവാ‍ല് പിടിക്കരുത്.
2) ഏകവര്‍മ്മാലയം നമ്മുടെ ലക്ഷ്യം.
ബ്ലോഗല്ല വര്‍മ്മാലയമാണ് നമ്മുടെ ആസ്ഥാനം. എല്ലാ വര്‍മ്മമാരും വര്‍മ്മാലയത്തില്‍ മാത്രമേ പോസ്റ്റുകള്‍ നാട്ടാന്‍ പാടുള്ളൂ.
3) വൈവിദ്ധ്യം ഉറപ്പു വരുത്തണം.
ഓരോ ശില്‍പ്പശാലയിലും മേല്‍ സൂചിപ്പിച്ച ട്യൂഷന്‍ റ്റീച്ചര്‍മാരുടെ വിവിധങ്ങളായ സബ്‌ജക്റ്റുകള്‍ വേണം പ്രദര്‍ശിപ്പിക്കാന്‍. സ്ഥിരമായി ഒരു ബ്രാന്‍ഡും നല്ലതല്ലാത്തതിനാല്‍ വിദേശിയും സ്വദേശിയുമായ ബ്രാന്‍ഡുകളുടെ വൈവിധ്യം ഉറപ്പു വരുത്തുക.
വര്‍മ്മ ക്ലബ്ബ് ഓഫീസ്.
വര്‍മ്മ ക്ലബ്ബിന് തുടക്കത്തില്‍ ഒരു താത്ക്കാലിക ഓഫീസും, മൂന്ന് ഫുള്‍ടം ഓഫീസ് വനിതാ സെക്രട്ടറിമാരും ബ്രോഡ് ബാന്‍ഡ് നെറ്റ് കണക്ഷനുള്ള കംപ്യൂട്ടറും മൂന്ന് മൊബൈല്‍ ഫോണും ഉണ്ടായിരിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍ സെക്രട്ടറിമാര്‍ക്ക് മാത്രം ഉള്ളതാണ്. നമ്പര്‍ അക്കാദമി ഭാരവാഹികള്‍ക്കല്ലാതെ മറ്റാര്‍ക്കും നല്‍കുന്നതല്ല. സെക്രട്ടറിമാരുടെ ജീ ടാക്കില്‍ ഒരു കാരണവശാലും അക്കാദമി ഭാരവാഹികള്‍ അല്ലാത്തവരുടെ ഐഡി ആഡ് ചെയ്യാന്‍ പാടില്ല.

Sunday, May 4, 2008

ആരാടാ തിന്നു മുടിക്കുന്നവര്‍?

ജോര്‍ജ്ജ് ബുഷിന്,

എടാ ആരാടാ തിന്നു മുടിക്കുന്നവര്‍?

ലോകത്തിന്റെ പോലീസും ആയുധ പരിശോധകനും സമാധാനപാലകനും ഒക്കെയായി വെലസിയ നീ റോള്‍ മാറി ലോകത്തിന്റെ ബ്രെഡ് ഇന്‍സ്പക്റ്റര്‍ ആകാന്‍ നോക്കുകയാണ് അല്ലേ?
സാമ്പത്തിക വിദഗ്ധരുടെ സമ്മേളനത്തില്‍ നീ എഴുന്നെള്ളിച്ച വിഡ്ഢിത്തങ്ങളും കല്ലു വെച്ച നുണകളും തൊണ്ട തൊടാതെ വിഴുങ്ങിയ ആ തെണ്ടികളെ ആരാടാ വിദഗ്ധരാക്കിയത്?

എടാ, നിന്റെ സ്ഥിരം കലാപരിപാടി പക്ഷേ ഇത്തവണ ലോകം വിശ്വസിക്കില്ല. കാരണം 2007ല്‍ നിന്റെ രാജ്യത്തെ കൃഷി വകുപ്പ് എറക്കിയ കണക്ക് എല്ലാര്‍ക്കും കിട്ടീട്ടുണ്ട്.
എടാ മരങ്ങോടാ, സമ്പത്തികം പോയിട്ട് വീട്ടുമൂച്ചും പിടിവാശീമല്ലാതെ ഒരു മാങ്ങാത്തൊലിയും നിന്റെ തലേല്‍ ഇല്ലെന്ന് നിന്റെ സ്വന്തം പ്രജകള്‍ തന്നെ പാടി നടക്കുന്നുണ്ടല്ലോടാ.

എടാ, നിന്റെ രാജ്യത്തെ പൊങ്ങന്മാര്‍ തിന്നു മുടിക്കുന്ന കണക്ക് വല്ലതും നിനക്കറിയാമോടാ? നിന്റെ രാജ്യത്ത് പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ അളവെത്രയാണെന്ന് വല്ല ബോധോമുണ്ടോടാ നിനക്ക്?
എടാ, കോടിക്കണക്കിനു പട്ടിണിക്കാര്‍ ഒരു നേരം ആഹാരം കഴിച്ച് പോയതാണോടാ തെറ്റ്? നീ എന്താടാ കരുതീത് മ..മ..മത്തങ്ങാത്തലയാ, ഞങ്ങളെന്നും പട്ടിണി കെടന്ന് നിന്റെ ഉണ്ണാക്കന്മാര്‍ക്ക് അണ്ണാക്കില്‍ കേറ്റാന്‍ ആഹാരം കയറ്റി അയക്കണമെന്നോ?

എടാ, നിന്റെ രാജ്യത്തെ കെഴങ്ങന്മാര്‍ തിന്നു മുടിക്കുന്നത് എന്റെ രാജ്യത്തെ ഒരുത്തന്‍ തിന്നുന്നേന്റെ അഞ്ചിരട്ടി ആണെടാ. ആളോഹരി ഒരിന്ത്യാക്കാരന്‍ കൊല്ലത്തില്‍ 178 കിലോ അരി/ഗോതമ്പ് കഴിക്കുമ്പോള്‍ നിന്റെ പൌരന്‍ പള്ളേല്‍ നിറക്കുന്നത് 1046 കിലോ ധാന്യമാണ്.

എടാ പോത്തേ, ലോകത്തേറ്റവും കൂടുതല്‍ മാംസം തിന്നുന്നത് അമേരിക്കക്കാരനാണെന്നത് നീ ശമ്പളം കൊടുക്കുന്ന ഇട്ടിക്കണ്ടപ്പന്മാര്‍ എഴുതിവെച്ച കണക്കാണെടാ. ഒരു അമേരിക്കക്കാരന്‍ ഒരു വര്‍ഷം 42.6 കിലോ പോത്തെറച്ചി ആണെടാ കേറ്റുന്നത്. ഇന്ത്യാക്കാരന്‍ 1.6 കിലോയും ചൈനാക്കാരന്‍ 5.9 കിലോയും. എടാ വര്‍ഗ്ഗസ്നേഹമില്ലാത്ത പന്നീ, പന്നിയെറച്ചീടെ കണക്കറിയാമോടാ നിനക്ക്? 29.7 കിലോ പന്നിയാടാ പന്നീ നിന്റെ രാജ്യക്കാരന്‍ കേറ്റുന്നത്.

എടാ 45.4 കിലോ കോഴി അകത്താക്കിയട്ട് നീ 1.6 കിലോ കോഴി തിന്നുന്ന ഇന്ത്യക്കാരനെ വെറും കോഴിയാക്കാല്ലേ കേട്ടോ.

സസ്യ എണ്ണ 41 കിലോ ഒരമേരിക്കക്കാരന്‍ ഉപയോഗിക്കുമ്പോ ഇന്ത്യാക്കാരന്‍ 11 കിലോ. 78 ലിറ്റര്‍ പാല് അമേരിക്കക്കാരന്‍ കുടിക്കുമ്പോ 36 ലിറ്റര്‍ ഇന്ത്യക്കാരന്. ഇത് പാലിന്റെ മാത്രം കണക്ക്. നിന്റെ ആഹാരരീതിലെ മുഖ്യ ഇനമായ ചീസും ബട്ടറും പാല്‍പ്പൊടിയും ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒത്തിരി ലക്ഷങ്ങളുണ്ടെടാ ഇന്ത്യയില്‍.

എടാ, ദശലക്ഷക്കണക്കിന് ഹെക്റ്റര്‍ കൃഷിയിടങ്ങള്‍ ജൈവ ഇന്ധനകൃഷിക്ക് കൊടുത്തിട്ട്, ഒള്ള എണ്ണയെല്ലാം വണ്ടീലൊഴിച്ച് കത്തിച്ചു തീര്‍ത്തിട്ട്, ക്രൂഡോയിലായ ക്രൂഡോയിലെല്ലാം പൂഴ്‌ത്തിവെച്ചിട്ട് നീ ഞങ്ങടെ നെഞ്ചത്ത് കേറുവാണോടാ?
അരീം തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നിനക്ക് മുറുമുറുപ്പോടാ?

നിന്റെ എല്ലാ കടീം ഇതോടെ തീരും. നീ കാത്തിരുന്നോ, പട്ടിണിക്കോലങ്ങളായ നിന്റെ പ്രജകള്‍ നിന്നേം നിന്റെ തന്ത ബുഷിനേം നിന്റെ കുലത്തെ മുഴുവന്‍ ചുട്ടു തിന്നുന്ന ഒരു നാളിനു വേണ്ടി.

Sunday, April 27, 2008

പാരിസ്ഥിതികം

സൈബര്‍ പാതകളില്‍

ചിന്തകള്‍ക്ക് ഗതിവേഗം കൂടും

മുലയൂട്ടുന്ന അമ്മമാരും

കമ്പ്യൂട്ടറും

ഇണക്കത്തോടെ വാഴും

പ്രോഗ്രാമുകളുടെ സ്വരച്ചേര്‍ച്ച

തെളിനീരു പോലെ

ആകാശത്തെത്തൊട്ട്...

ഇപ്പൊള്‍ ഞാന്‍ ചിന്തിക്കുന്നത്

ദേവദാരുക്കളും ഇലക്‍ട്രോണുകളും നിറഞ്ഞ

സൈബര്‍ കാടുകളെക്കുറിച്ച്

പൂവായ് വിടരുന്ന പഴയ കമ്പ്യൂട്ടറുകള്‍ക്ക്

ഉമ്മ കൊടുക്കുന്ന കരടികള്‍

ഞാന്‍ ചിന്തിച്ചേ പറ്റൂ

സൈബര്‍ പരിസ്ഥിതിയെക്കുറിച്ച്

സ്വതന്ത്രരായ തൊഴിലാളികളുടെ

മടങ്ങിപ്പോക്കിനെക്കുറിച്ച്

പ്രകൃതിയിലേക്ക്

അമ്മയുടെ ചുരത്തുന്ന

മാറിടത്തിലേക്ക്

സ്നേഹം വില്‍ക്കുന്ന യന്ത്രങ്ങളിലേക്ക്

ഒരു മടങ്ങിപ്പോക്ക്

Tuesday, March 25, 2008

കവി

ആരാകാനാണ് മോഹമെന്ന് മാഷ് ചോദിച്ചപ്പോള്‍

കുഞ്ഞീഷ്‌ണന്‍ പറഞ്ഞത് കവിയാകണമെന്നായിരുന്നു

എന്തു കൊണ്ട് കവി?

എന്തു കൊണ്ട് കവിത?- മാഷ്‌ക്ക് അങ്ങനെ വിടാനാവുമോ.

പാവം കുഞ്ഞീഷ്‌ണന്

‍അവന്‍ സ്ലേറ്റ് മലത്തിക്കാണിച്ചു

അതില്‍ കവിതയുണ്ടായിരുന്നു

രണ്ടാം ക്ലാസ്സിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍നിന്ന്

അവന്‍ ചുരത്തിയെടുത്ത കവിത

അതിന്റെ കനിവില്‍

ആ നിറവില്‍ മാഷ് ഒരുനിമിഷംവെറുതേ നിന്നു

പിന്നെ അടിച്ചവന്റെ പുറം പൊളിച്ചു.

പിന്നെയും ഊറിയ കവിതകളെ

അവന്‍ തന്റെ ഉള്ളിലെഴുതി ഒളിപ്പിച്ചു

ഉള്ളുനിറഞ്ഞപ്പോള്‍ അവന്‍ ഭയന്നു

ഉള്ളം കവിഞ്ഞപ്പോള്‍ അവന്‍ മൌസ് കയ്യിലെടുത്തു

അവന്റെ കവിതകള്‍ യുണീകോഡുകളായി

അന്ന് മൂവന്തിക്ക് മാഷിന്റെ

കുഴിമാടത്തിനരികെ ചെന്ന് കുഞ്ഞീഷ്‌ണന്‍ ഉറക്കെ നിലവിളിച്ചു.
"മാഷെ ഞാന്‍ കവിയായി"!

Thursday, February 14, 2008

വര്‍മ്മകള്‍ എന്ത് പിഴച്ചു?

ഞങ്ങ വര്‍മ്മകള്‍ എന്ത് പിഴച്ചു?

എന്തോക്ക്യാര്‍ന്നു...തോക്ക് (ഇല്ല തോക്കുല്ല) മലപ്പുറം കത്തി (എന്ന് കത്തി?), അമ്പ് വില്ല്, ഒലക്കേടേ മൂഡ് അങ്ങനെ പവനായി വര്‍മ്മ ശവര്‍മ്മയായി :(