Wednesday, June 10, 2009

കോഴിപുരാണം ആട്ടക്കഥ-രണ്ടാം ദിവസം

ശിവ:
Why Did the Chicken Cross the Road
നല്ല വരികള്‍! ആശംസകള്‍.

ശ്രീലാല്‍ :
ഉസ്കൂളടച്ചതുകൊണ്ടാണപ്പാ മാടായിപ്പാറേലേക്ക് കോഴി റോഡ് ക്രോസ് ചെയ്തോടിയത് .

ചന്ത്രക്കാരന്‍ :
കോഴി റോഡുമുറിച്ചുകടക്കുന്നതിനെ പ്രത്യയശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ അതു കരടി സൈക്കിള്‍ ചവിട്ടുന്നതുപോലെയേ ഉള്ളൂ. കോഴി വിചാരിച്ചിരിക്കുന്നത് കോഴിയുടെ ധിഷണയും ജനാധിപത്യബോധവും കൊണ്ടാണ് അതിനെ വണ്ടി ഇടിക്കാതെ പോയതെന്നാണ്.

രാജീവ് ചേലനാട്ട് :
ഒരു ബൂര്‍ഷ്വാഭരണത്തിനു മാത്രമേ കോഴികളെ കൂടുകളില്‍ അടച്ചുപൂട്ടാന്‍ സാധിക്കൂ. പോളണ്ടില്‍ സംഭവിച്ചതുപോലെ വലതുപക്ഷ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ കോഴികള്‍ തങ്ങളുടെ റാഡിക്കലായുള്ള കൂടുകള്‍ തകര്‍ത്തെറിഞ്ഞ് റോഡുകള്‍ മുറിച്ചുകടന്ന് സ്വാന്ത്രന്ത്യപ്രഖ്യാപനം നടത്തുന്ന ഒരു നാളെയേയാണ് നാം സ്വപ്നം കാണേണ്ടത്.
അഭിവാദ്യങ്ങളോടെ

സനാതനന്‍ :
കോഴിയുടെ വൃഷണം (കവിത)
നിങ്ങള്‍ക്കറിയാമോ
അടയിരിക്കാത്ത
ഒരു കോഴി
തന്തയില്ലാത്ത
മുട്ടയിട്ടതെന്തിനെന്ന്?
റോഡിനുകുറുകേ
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു
ആ പക്ഷി പറന്നു
പോയതെന്തെന്തിനെന്ന്
നിങ്ങള്‍ക്കറിയാമോ?
എല്ലാ ജീവിതങ്ങളും
കോഴിക്കാട്ടം മണക്കുന്ന
പൂടപോയ ബന്ധങ്ങളുടെ
മുറിച്ചുകടക്കലുകളാണ്.

തുളസി:

റോഡിലേക്കുള്ള വഴി.
റോഡു മുറിച്ചുകടക്കുന്ന കോഴിയുടെ
ഓടികിതച്ചെത്തുന്ന സ്നേഹം.
മഴ നനഞ്ഞ കോഴി.
തെയ്യം കണ്ട.
കോഴിക്കുഞ്ഞുങ്ങള്‍.
കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

സെറീന :

ഉടലില്‍ ചുവന്ന ആണ്‍ നോട്ടങ്ങള്‍
മിണ്ടാതെ മിണ്ടുന്ന തിര
തോരാനിട്ട കുഞ്ഞുടുപ്പുകള്‍
ഓര്‍മ്മകള്‍
കോഴിയ്ക്ക് റോഡ് മുറിച്ചു കടക്കാതെ വയ്യ



നന്ദകുമാര്‍ :

ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികേന്ന് ഒരു പാക്കര്‍ സിഗററ്റ് വാങ്ങാനായി വീട്ടീന്നിറങ്ങിയതാ... പെട്ടെന്ന് റോഡിനു കുറുകെ മരണവെപ്രാളത്തോടെ ഒരു കോഴിച്ചാത്തന്‍ പാഞ്ഞുപോയത്... തൊട്ടുപിന്നാലെ കീരിക്കാടന്‍ ജോസിന്റെ പോലെ ഒരു എമണ്ടക്കന്‍... മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി... അയ് ഇത് മ്മടെ ബാബു അല്ലേ? അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.
“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”
ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”
“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”
ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :
“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”
“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”
“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”
“ഹ ഹ..ഹ”
“വൈകീട്ട് കാണാട്രാ ഗെഡ്യേ... ഇപ്പ കോഴീനെ പിടിച്ചില്ലേ, നിനക്കപ്പന്‍ തന്നേന്റെ പത്തിരട്ടി എനിയ്ക്കിന്ന് കിട്ടും...” അത്രെം പറഞ്ഞ് അവന്‍ കോഴീയുടെ പുറകെ ഓടി...
“ഹ ഹ.. ശ്ശെരീഡാ...”
കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!


പി. ശിവപ്രസാദ്‌ / മൈനാഗന്‍
റോഡു മുറിയ്ക്കും വിഹാരമീ ജീവിതം.
റോഡുകള്‍ക്കും തടാകങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
മനസ്സു തുറന്നു കൂവുന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
ചിതലിനൊന്നിനെപ്പോലും കൊത്തിനോവിയ്ക്കാതെ
മെല്ലെ നീങ്ങുമെന്‍ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശിതന്‍ പഴംചോറിന്‍വറ്റും
വകവയ്ക്കാതെ നടന്നു ഞാന്‍ പിന്നെയും ...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?
വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
വീട്ടിലെ വിരുന്നുകാര്‍തന്‍ തിരക്കറിയുമെന്നാല്‍
ഭയന്നലിഞ്ഞതില്‍ ഇമപൂട്ടുവാന്‍
‍കഴിയാത്തതാമെന്‍ ഏകാന്തമാനസം.
ഇള്ളിലൊരു തകില്‌ തെന്‍പാണ്ടിമേളം കൊഴുക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായിനിയും ചിക്കിച്ചികയുന്നു.

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്‌ണന്‍ :
കുറേ ദിവസായി, ചിക്കന്‍ തിന്നാഞ്ഞിട്ട് ഒരുത്സാഹോല്യ.
കോഴികള്‍ അങ്ങ്‌ടും ഇങ്ങ്‌ടും തേരാപ്പാര ക്രോസ്സ് ചെയ്യുന്നത് ഞാന്‍ കാണ്‍‌ണ്‍‌ണ്ട്.
ഇന്നലെ ഉച്ചനേരം.
ഒരു ചിന്തമാത്രം. ക്രോസ് ചെയ്യണ കോഴിയെ പിടിക്യ.
കുറേ നേരായി കോഴി അടുക്കളക്ക് പിറകില്‍ കറങ്ങ്‌ണ്‌ണ്ട് കോഴി. ഞാന്‍ അതിനെ അങ്ക്‍ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
ഒടുക്കം ഗതികെട്ട്, ഒരൊറ്റ അലര്‍ച്ച്യാ :
"നിക്കടാടടാ‍ാ‍ാടടാ‍ാ‍ാടടാ‍ാ‍ാ"
എന്താ പറയ്യാ.
കോഴി ജീവനും കൊണ്ടോടി.
ഈ 150 കിലോ പ്ലസും വെച്ച് കൊണ്ട് ഞാനെങ്ങന്യാ പിറകേ ഓട്വാ...
ഖാവിലമ്മേ ശ്ശക്തി തരൂ...
ഹെന്ത് തരില്ലെന്നോ ഹും !

tk സുജിത്ത് :


അനോണി ആന്റണി :
ആന്റപ്പണ്ണാ, വരീ, ഇരീ, ഒഴീ, കഴീ
ചാണ്ടീ, ക്വാഴിക്കറിയ്ക്കെന്താണെടേ ഇന്നു വല്ലാത്ത ഒരു സ്വോദ് ?
കൊള്ളാവോണ്ണാ ?
എപ്പം
നക്കിയേച്ചും പോവാണ്ട് നീയെന്തരിന് ആന്റൊ നീ മസാലക്കൂട്ട് യേതെന്ന് തെരക്കണത്
ഇങ്ങോര് മിണ്ടാതിരീം
നിങ്ങ ചുമ്മാ ചോദിക്കീൻ അണ്ണാ.
അപ്പ ശൊല്ല് ചാണ്ടി, ക്വാഴിക്കറി.
അതണ്ണ, ലോണ്ട് ക്വാവിലിൽ ഇന്നലെ ഉത്സവാർന്ന്
ഓ തന്നെ ?
തന്നെ. വയ്യിട്ട് നാടകോണ്ടാർന്ന്
നാടോത്തിലെ പാട്ട് കൊണവില്ല,
പക്ഷെങ്കില്, ഒരു ക്വാഴിയൊണ്ടാര്ന്ന് കെട്ട.
ഒരു യെമണ്ടൻ ക്വാഴി.
കൂവും ഡാൻസ് വെയ്ക്കും, കൊള്ളാവണ്ണാ.
ലാ ക്വാഴിയാണ ചാണ്ടീ യീക്ക്വാഴി ?
അല്ലണ്ണ, ഇന്ന് കറീ മസാലയിട്ടപ്പം ആ ക്വാഴിയെ നിരീച്ച്.
അപ്പ മസ്സാല സൊൽ‌പ്പം ജാസ്തി വീണ്‌പായി. ലതാ..
പിന്നെ, ഞാ കേക്കണത് അണ്ണൻ ആരോടും പറയൂലല്ല് ?
എന്നാ ?
ഈ ക്വാഴിയില്ലെ, അത് റോഡേൽ കെടന്നതാ.
ഒള്ളതാ ?
തെന്നണ്ണാ. ല്വാറികേറി ചത്തതാ. അതാ രുചിയ്ക്കൊരു കറുമുറു.
തന്നെ തന്നെ, പൊന്നുതമ്പുരാന്റെ മണ്ണല്ല്യോ...



സിമി:
രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കോഴികളെ റോഡിലിട്ടോടിക്കുക എന്നത്. കയ്യില്‍ ഊരിപ്പിടിച്ച കത്തിയുമായി രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ കോഴിയുടെ പിറകേ ഓടുകയായിരുന്നു. റോഡുവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റിനടുത്തു വെച്ച് രഘു കോഴിയെ ചാടി പിടിച്ചു. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിനെ തടഞ്ഞു നിര്‍ത്തി. രഘു ഓട്ടം നിര്‍ത്തി. വെപ്രാളം കൊണ്ട് കൈയ്യിലിരുന്ന കോഴികൂവാന്‍ തുടങ്ങി. കോഴിയുടെ കൂവല്‍ റോഡിലേക്കൊഴുകി. ആ കൂജനത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം കൊക്കരക്കോ ശബ്ദം ഒരു നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ അത് ഒരു സംഗീതം പോലെ നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം അതില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു കോഴിയുടെ കഴുത്തിലെ പിടി മുറുക്കിയെങ്കിലും കോഴി കരഞ്ഞുകൊണ്ടേയിരുന്നു. കോഴിയുടെ കൂവലില്‍ പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുമ്പോള്‍ രഘു ഓര്‍ക്കുകയായിരുന്നു കോഴി എന്തിനാണ് റോഡിനു കുറുകേ ചാടിയതെന്ന്.




സാന്‍ഡോസ് :

ഉവ്വുവ്വ.....
കോഴി റോഡ് ക്രോസ് ചെയ്താ ഇക്കെന്തൂട്ട് തേങ്ങേണ് ?......
ഇതു കണ്ടപ്പഴാ വേറൊന്നു ഓര്‍ത്തത്.....
വടക്കേലേ പാപ്പച്ചന് പണ്ടേ കോഴിയായിരുന്നു.......
റോഡ് ക്രോസ് ചെയ്ത് മതിലു ചാടി ഡെയ്സിചേച്ചീനെ കാണാന് പോകുമ്പോഴാ ചുള്ളന്റെ തലേല് തേങ്ങ വീണത്- ബെസ്റ്റ് ടൈം! ........
ഒരു ഓടോ പരസ്യം:
മിലിട്ടറി ക്വാട്ട വാങ്ങുന്ന തന്തപ്പിടികളുള്ള ക്ടാങ്ങളില് നിന്നും വിവാഹാലോചനകള് ക്ഷണിക്കുന്നു......

തമനു :

വൈചി ക്കന്‍‌ക്രോ സ്ദറോഡ് - (താമസ വര കുര്‍വണാ കോഴീ)
തലയിലും വാലിലും പൂടയുണ്ടെന്നൊരു അഹങ്കാരവും പേറി, റോഡിനപ്പുറം നില്‍ക്കുന്ന പിടയേയും നോക്കി കൊക്കില്‍നിന്നും ലീക്കടിക്കുന്ന വെള്ളവുമായി, ഈ റോഡങ്ങ് ക്രോസ് ചെയ്തു കിട്ടിയാല്‍ പിന്നെ നിന്റെ കാര്യം ഞാനേറ്റൂന്നു പിടക്കുന്ന ടി.ജി രവിയുടെ മനസ്സുമായി ഡോകറ്റ്ര് ഉസ്മാനെക്കണ്ട അര്‍ശ്ശസ്സുരോഗിയ്പ്പോലെ തിര്‍ക്കേറിയ ആ പാതയിലൂടെ ഓടിക്കടക്കുന്ന ആ കോഴിയെക്കണ്ടപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് കഴിച്ച ചിക്കങ്കറിയുടെ മണം മൂക്കിലൂടെ ഓടിയെത്തിയതോടൊപ്പം കര്‍ത്താവേന്നു വിളിച്ചതു കര്‍ത്താവു കേട്ടതാവാം ആ തമിഴന്‍ ലോറി കൃത്യമായി കോഴിയുടെ ദേഹത്തു കയറുകയും താങ്ക്യൂ താങ്ക്യൂ കര്‍ത്താവേന്നും പറഞ്ഞ് ഞാന്‍ കുനിഞ്ഞതും ഒരുമിച്ചായിരുന്നു
വര്‍മ്മ സാറേ ദാ പുതിയൊരുകത്തി.. ഇതുകൊണ്ടു തന്നെ കട്ട് ചെയ്യാം . (കോഴിയെ)

അപ്പു :
ക്രോസാക്ഷരി
റോഡുകളും സീബ്രാലൈനുകളും പരിചയപ്പെട്ട് ക്രോസിംഗിനു വരുന്ന കോഴികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണല്ലോ. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി റോഡ് ക്രോസ് ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്ന കോഴികളെ ഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് റോഡ് എന്ന മാധ്യമത്തില്‍ തുടക്കക്കാരായവര്‍ക്ക് വേണ്ടി. എല്ലാ കോഴികള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഒരു വിവരണം, കഴിവതും സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ആരംഭിക്കുകയാണ്.“ക്രോസാക്ഷരി“ എന്ന പേരില്‍ ഈ പുതിയ ബ്ലോഗ് കോഴിലോകത്തിനു സമര്‍പ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. കോഴികളെ സഹായിക്കുന്നതു കൂടാതെ അവരെയൊക്കെ സംഘടിപ്പിച്ച് ഒരു നാട്ടിലൊരു മീറ്റ് സംഘടിപ്പിക്കാനും അതിനായി വേറൊരു ബ്ലോഗും തുടങ്ങാനും ഒരാഗ്രഹം കൂടി ഉണ്ട്.

ലാപുട :

എന്തുകൊണ്ടാണെപ്പോഴും
റോഡുമുറിച്ചു കടക്കുന്നതെന്ന
ചോദ്യത്തിന്
കാലുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,
എന്തിനുവേണ്ടിയാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
വിശപ്പകറ്റാന്‍ വേണ്ടി
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

അങ്കിള്‍ :
സമൂഹത്തിലെ ചില സുന്ദരിപ്പിടക്കോഴികളുടെ അനധികൃത ക്രോസിംഗിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു. ക്രോസ് ചെയ്യുന്ന പിടകളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ചായക്കട, ചാരായ ഷാപ്പ്, ഐസ് ക്രീം പാര്‍ലര്‍, ഗോള്‍ഫ് ക്ലബ് തുടങ്ങിയ ഇടങ്ങളിലേക്ക് ഇറച്ചിയായി എത്തുന്നുണ്ട് താനും. വണ്ടിയിടിച്ച ചിക്കനുകളെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്ന ധാരാളം മുതലാളിമാര്‍ കാരണം വരുന്ന നഷ്‌ടം വേറെയും. 2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ കേരള കോഴി സംരക്ഷണ സമിതി കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്.
1945 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ചില്ലി ചിക്കന്‍ നികുതി നിയമപ്രകാരം (Kerala Tax on Chilly Chicken Act 1945[ Act 32 of 1945] ) ഇറച്ചിക്കോഴിക്ക് രണ്ടര ശതമാനം ആഡംബര നികുതിയും ക്രോസ് ചെയ്യുന്ന കോഴികള്‍ക്ക് ഒന്നരശതമാനവുമാണുള്ളത്. അന്ന് ഭരണത്തിലിരുന്ന സര്‍ ചിക്കന്‍ പിടിയന്‍ (സി.പി) കോഴിസ്വാമി അയ്യര്‍ പാസ്സാക്കിയ ആക്റ്റില്‍ ക്രോസിംഗ് കോഴികള്‍ക്ക് ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും പറഞ്ഞിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാർ :
കോഴിക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും കുറുക്കന്മാരുടെ എതിർപ്പു മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാൽ പക്ഷിസംരക്ഷണനിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാൻ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികൾ. തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളർത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ കുറുക്കൻ / മനുഷ്യൻ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.(പിന്നല്ലാത്, കുറുക്കൻ കാളയെ കൊല്ലുക !). ഗോത്രസംസ്കൃതി ഇന്നും അടയിരിക്കുന്നത് കുന്നിൽചരിവിലായതിനാലാണ് കോഴികൾ റോഡുകൾ മുറിച്ച് കടന്ന് (റോഡുകളെ ഇവിടെ പ്രതിബന്ധങ്ങൾ എന്ന് വായിക്കുക) കുറുക്കനും പോക്കാലനും ഒളിച്ചിരുക്കുന്ന, കുന്നിഞ്ചരിവിലെ മാളങ്ങൾ തേടി പോയത്


എം കെ ഹരികുമാര്‍ :
കോഴി ഒഴുകുന്ന ജലമാണ്
കോഴി ഒരു ഒഴുക്കാണ്.
അത് ഒരു തിരച്ചില്‍ ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കും
യഥാര്‍ത്ഥത്തില്‍
കോഴി ഒന്നും തിരയുന്നില്ല.
അത് വേരുകളില്‍ നിന്ന് വേരുകളിലേക്ക് ഒഴുകിപ്പോകുന്ന ജലം പോലെ ആണ്.
അതിന്റെ നഖങ്ങള്‍ ജീവനെ ചികഞ്ഞുണര്‍ത്തുന്നു.
കോഴിയുടെ പൃഷ്ടതുമ്പേറ്റാണ്
മുരിങ്ങയും ചീരയും കുമ്പളവും പുഷ്പിക്കുന്നത്.
അത് ഭക്ഷിക്കുന്നവരാകട്ടെ കോഴിയോട് നന്ദി പറയുന്നില്ല.
കോഴി നിരാസക്തനായി വഴിമുറിച്ച് നടന്നു പോകുന്നു.
-എം കെ ഹരികുമാര്‍

എതിരൻ :
കോഴിയുടെ റോഡ് മുറിച്ച് കടക്കുന്ന ഇതിഹാസ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം. അതൊരു ലോറി ഡ്രൈവർക്കോ കുറുക്കനോ മാത്രമേ കഴിയ്യൂ. മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍ ശ്രീക്കുക്കുടപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി ഒരു ചിത്രപുസ്തകമാണു ശ്രീറോഡ് തിരുനാള്‍ ‘കുക്കുടാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് കോഴിയുടെയും റോഡിന്റെയും നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ ക്രോസ്സിങ് കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്. വേഗതയാര്‍ന്ന വാഹനങ്ങളുടെ നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും. വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന കോഴി അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നതാണ് കോഴിയുടെ ടാറിന്മെലൂള്ള ഓരോ ചുവടുവയ്പ്പും.

രാജു ഇരിങ്ങല്‍ :
ഒറ്റക്കാലില്‍ ഒരു കോഴി
ഒരു റോഡ് ആക്രാന്തം പിടിച്ച്
ഓടിക്കടക്കുകയായിരുന്നു
ഗോഷ്ടി കാണിച്ച കോഴിയുടെ അപ്പോള്‍
പപ്പും പൂടയും ഉലഞ്ഞിരുന്നു
പൂവന്‍ കോഴിയെ കാണും പോലല്ല
പെടക്കോഴിയെ കാണുമ്പോള്‍,
എലിവാണത്തിന് തീപിടിപ്പിക്കും
പോലെ ഓടിക്കളയും

നീ കോഴിയാണെന്നറിഞ്ഞ്
എന്റെ ദൈവേന്ന് നീട്ടി വിളിച്ചത്

നിനക്ക് വേണ്ടി മാത്രമായിരുന്നു.
അപ്പോഴാണ്

വീടിന്‍റെ നാനാവിധങ്ങളിലും
ഉണക്കി വച്ച നെല്ലിന്‍ ചാക്കുകളിലും

മൂത്രമൊഴിച്ചതും
തൂറി വച്ചതും
പൂവന്‍ കോഴിയുടെ
ശ്രദ്ധയില്‍ പെട്ടത്.
എന്‍റെ ദൈവേ...
ഒരു ശവദാഹയാത്ര

ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകുന്നു

കാലന്‍ കോഴിയുടെ കൂവലില്‍
ചേന്നന്‍ ചെവി പൊത്തി

കതിരില്‍ ഇര വച്ച്
പൂവന്‍ റോഡിനപ്പുറത്ത് കാത്തിരിന്നു
പൂവന്‍ കോഴി വില്ലുകുലച്ചപ്പോള്‍
പെടക്കോഴി മുറുക്കി തുപ്പി

വെളുത്ത ചുമരില്‍
ചുവന്ന ഭാരതം

എങ്കിലും
വൈറ്റ്ലഗോണ്‍ ആയിരുന്നു
അവളുടെ ഉള്ളില്‍
അപ്പോഴും
തുഞ്ചന്‍റെ കോഴി
മിഷിന്‍ ഗണ്ണിലൂടെ രാമയണം
വായിക്കുകയായിരുന്നു.


കണ്ടകശ്ശനി :
പിടകോഴി വേലിക്കരികില്‍ നില്‍ക്കുകയാണു. അപ്പുറത്ത് പൂവങ്കോഴി നില്പുണ്ടു. ഇതെല്ലാം ഞങ്ങള്‍ കാണുന്നതു ഞങ്ങള്‍ അമേരിക്കയില്‍ നിന്നു അതുവഴി പ്രൈവറ്റ് ബസു പിടിച്ചു പോകുമ്പോഴാണു. ഹോണടിച്ചതും പിടക്കോഴി റോഡിനുകുറുകേ ചാടി. പിന്നെ എന്തു സംഭവിച്ചു? അക്കഥ പറയാന്‍ സേതുരാമയ്യര്‍ സിബി‌ഐ അടുത്ത ദിവസം ബ്ലോഗില്‍ ഹാജരാകുന്നു. കാത്തിരിക്കൂ.


ജി മനു:
കോഴിപ്പെടതന്‍കൂടെ നടക്കാലോ
പുള്ളിയുടുപ്പിട്ടവളങ്ങേ വീട്ടില്‍
പോകുംനേരം കൂടെ പോകാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
കൂവലുമായി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ കരയില്‍
ചിക്കിചികഞ്ഞു തിന്നാലോ
നെല്ലുണക്കാന്‍ വച്ചതൊരിത്തിരി
കൊത്തിപ്പെറുക്കി രസിയ്യ്ക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെയൊത്തു കൂവാലൊ
തത്തിതത്തിച്ചാടും കുഞ്ഞുങ്ങള്‍-
ക്കൊത്തു കളത്തില്‍ കൂടാലോ!!!

തറവാടി :
സ്ഥലം കോഴിക്കോട്ടെ ഒരു ചായക്കട.'
അപ്പം കൊഴീടെ ചാറ് പിന്നെ ഒരു ഗ്ലാസ് പച്ചവെള്ളം ''
“കോഴീടെ ചാറില്ല, വെള്ളം വേണേ പൈപ്പീന്ന് കുടി ''
“എങ്കില്‍ അപ്പത്തിലിച്ചിരി പഞ്ചാര '‘
“പഞ്ചാരക്കൊക്കെ വെലക്കൂടുതലാ’
അല്‍‌പ്പസമയത്തിന്‌ ശേഷം കയ്യില്‍ കാശുള്ള ഒരുവന്‍ വന്നു.
“പൊറോട്ട, ചിക്കന്‍ കറി, ഫന്റാ”
പൊറോട്ടയും ചിക്കന്‍ കറീയും പിന്നെ അടുത്ത കൂള്‍ബാറില്‍ നിന്ന് വാങ്ങിയ ഫന്റായും മേശമേല്‍ നിരന്നു.

സുമേഷ് ചന്ദ്രന്‍ :
ഇന്നലെ എന്റെ വീട്ടിലെ കോഴി-
റോഡ് ക്രോസ് ചെയ്തു പോയല്ലോ..
ഇന്ന് കൂരിരുള്‍ തിങ്ങുന്ന ബാറിന്റെ മൂലക്ക്
ചില്ലിഫ്രൈയായിരിപ്പുണ്ട് , അവന്‍ ചില്ലി ഫ്രൈയായിരിപ്പുണ്ട്

55 comments:

അനുരഞ്ജ വര്‍മ്മ said...

കോഴിപുരാണം ആട്ടക്കഥ-രണ്ടാം ദിവസം

Cartoonist said...

ഇപ്പഴാ ഇത് കലകലക്ക്യെ.. :)

Dinkan-ഡിങ്കന്‍ said...

കൊള്ളാം. ബ്ലോഗിലെ എല്ലാവരേയും കൊന്ന് കോഴിക്കറി വെയ്ക്കുന്നുണ്ടല്ലോ വര്‍മ്മകളേ?

സുജിത്തിനെ വരെ അനുകരിക്കാച്ച്യാ പിന്നെ ബാക്കിയുള്ളോര്‍ക്ക് ഒരു രക്ഷയും ഇല്ല

തുടരിന്‍ തുടരിന്‍ :)

un said...

ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ? വര്‍മപ്പേരും കൊണ്ട് ഇറങ്ങിക്കോളും ഓരൊരുത്തന്മാര്‍.

Promod P P said...

വർമ്മാലയം അനാകുലം വാഴട്ടെ
വർമ്മകൾ പെറ്റു പെരുകട്ടെ
വർമ്മകളുടെ ആദ്യന്ത ഗുരുവായ
സാൻഡോസ് മഹാശയന്റെ
കാൽക്കൽ ഒരു കുപ്പി കുതിര റം

ഓം വർമ്മായ നമ:
വർമ്മോ വർമ്മേശ മാനവാ

Promod P P said...

ഇടിവാളിനേയും കുമാറിനേയും കണ്ണൂസിനേയും യാത്രാമൊഴിയേയും ഏവൂരാനേയും പോലുള്ള ക്ലാസിക്കൽ വെറ്റേറൻ സീനിയർ ബ്ലോഗ്ഗേർസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഞാൻ ഇന്ന് മദ്യം ഒഴിവാക്കുന്നു

kichu / കിച്ചു said...

അനുരഞജന വര്‍മ്മേ.

ആട്ടക്കഥ എത്ര ദിവസം തുടരും..

ഇരകളെ കാത്തിരിക്കയല്ലേ.

ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

krish | കൃഷ് said...

ബ്ലോഗ്(അനുരഞ്ജ) വര്‍മ്മ ബ്ലോഗ് കോഴികളെ കൊന്ന് കൊലവിളിച്ചുകൊണ്ട് മുന്നേറുന്നു. വര്‍മ്മേടെ കൈയ്യിലെ തോക്ക് കണ്ടില്ലേ. പിടി കൊടുക്കാത്ത കോഴികളെ നോക്കി വെല്ലുവിളിക്ക്യാണ്..’നിക്കടാ അവടെ.. നിനക്കൊക്കെ വെച്ചിട്ടൊണ്ട്.. ഓരോ ഉണ്ട. ഇത് കണ്ട് പെടക്കോഴികള്‍ നെഗളിക്കേണ്ട, ഉണ്ട വെച്ചിട്ടൊണ്ട്.’

പടം വരക്കണ സുജിത്തിനെ പോലും വെറുതെ വിട്ടിട്ടില്ലാ. ഇനിയിപ്പോ പാട്ട് പാടുന്ന കോഴികളും പോട്ടം പിടിക്കണ കോഴികളും ബാക്കിയുണ്ട്. അവരേം വിടൂല്ലാന്നാ തോന്ന്ണ്.

രണ്ടാം ഫാവം കോഴിപുരാണം കലക്കീട്ടോണ്ട്.

എനിക്കൊരു സംശ്യം, ഈ വര്‍മ്മക്കെന്താ പക്ഷിപ്പനി വല്ലോം പിടിച്ചോ.. ഈ കോഴികളെയൊക്കെ ഇങ്ങനെ കൊന്നുതള്ളാന്‍?
:)

::: അഹങ്കാരി ::: said...

അപ്പ ഇതിലും അഹങ്കാരി ഇല്ല!!!

നുമ്മളെന്തരടേ രണ്ടാം കെട്ടിലൊള്ളാതാ???

നിങ്ങളു വര്‍മ്മയായതിന്റെ “സവര്‍ണ ഫാസിസം” കആണിക്കേണല്ലെ???

പാഞ്ച said...

നാസര്‍ കൂടാലി:
വായിച്ചില്ലേ നാടന്‍ പൂവന്റെ കവിത

എപ്പോഴും കൂവാവുന്നതല്ല
ഉള്ളില്‍ കൊക്കി പറയുന്ന കാര്യങ്ങള്‍
തൊട്ടടുത്ത് മുട്ടയിടുന്നവരെല്ലാം
ഒത്തിരിയൊക്കെ കൂകി മടുത്തവര്‍
ഇന്നുമെന്‍റെകൂടെ റോഡ് ക്രോസ് ചെയ്യുന്നവര്‍

www.puthukozhi.blogspot.com

simy nazareth said...

:))) ഞാന്‍ നമിച്ച് സൈഡിലോട്ട് മാറിനിക്കട്ടെ.

sHihab mOgraL said...

വര്‍മ്മായ കര്‍മ്മണാ ശ്രീ..
വര്‍മ്മകളുടെ കര്‍മ്മങ്ങളില്‍ പാവം ശ്രീ പോലും പെട്ടിരിക്കുന്നു..

എന്റെ വര്‍മ്മസമൂഹമേ, അര്‍മ്മാദിച്ചു.. :)

Calvin H said...

ഉന്മേഷ് ദസ്തക്കിര്‍:

(ഒരു വലിയ മതിലിന്റെ ചിത്രം. ഇടത്തെ മൂലയില്‍ ഒരു കോഴിയുടെ അങ്കവാലിന്റെ അറ്റം മാത്രം കാണാം)

അടിക്കുറിപ്പ് : കോഴീം കോഴീടെ വാലും...

ഗുപ്തന്‍ said...

അമ്പടാ എന്റെ കമന്റ് പൊക്ക്യാ... ഞാന്‍ കോപ്പീറൈറ്റിന് കേസുകൊടുക്കുംട്ടാ...

ഗുപ്തന്‍ said...

ഉന്മേഷ് ഇടിയണ്ണന്‍ മാക്രി ബെര്‍ലി ദേവേട്ടന്‍ കൊച്ചുത്രേസ്യ പിന്നെ അനിലേട്ടന്‍/കുഴൂര്‍/ദേവസേന/നൊമാദനീഷ് ഉള്‍പടെ ഉള്ള കവികള്‍ പലരും മിസ്സിംഗ് :(


ദില്‍ബു കുട്ടികളായ ചാത്തന്‍ ശ്രീജിത്ത് എന്നിങ്ങനെ എക്സ് ബാച്ചികളും കണ്ണൂസേട്ടനെപ്പോലെ അബ്സ്കോണ്ടിംഗ് പാര്‍ട്ടികളും വേറേ..

ഒന്നിനൂടെങ്കിലും സ്കോപ്പുണ്ട് വര്‍മയണ്ണന്മാരേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"അപ്പ ഇതിലും അഹങ്കാരി ഇല്ല!!!

നുമ്മളെന്തരടേ രണ്ടാം കെട്ടിലൊള്ളാതാ???
"

അഹംകാരീ, ആദ്യ കെട്ടിലേതാണോ എന്നു ചോദിക്ക്‌.
രണ്ടാം കെട്ടിലേതിനോടല്ലേ കൂടുതല്‍ പ്രിയം വരിക?
എനിക്കറിയില്ല കേട്ടോ :)

Appu Adyakshari said...

വർമ്മകളേ!

കോഴിപുരാണം രണ്ടാം ദിവസവും തകർത്തു എന്നുതന്നെ പറയാം. എങ്കിലും ആദ്യഭാഗത്തിന്റെ അത്ര പെർഫക്റ്റായ ഒരു കാച്ചിക്കുറുക്കൽ ഇവിടെ കാണാൻ സാധിച്ചില്ല എന്നുപറഞ്ഞാൽ ഒന്നും തോന്നരുത് :-)

എനിക്ക് ഈ ‘ബ്ലോഗ് മിമിക്രിയിൽ’ ഏറ്റവും ഇഷ്ടമായത് ഓരോരുത്തരുടെയും ശൈലി കൃത്യമായി അനുകരിക്കുന്നു എന്നതുമാത്രമല്ല, അവർ ഉപയോഗിക്കുന്ന ഫോർമാറ്റിംഗ്, അക്ഷരത്തെറ്റുകൾ, പദപ്രയോഗങ്ങൾ, മാനറിസങ്ങൾ ഇതെല്ലാം അപ്പടി പകർത്തിയിരിക്കുന്നതാണ്. തുടരൂ.....

Appu Adyakshari said...

പറയാൻ മറന്നു... ‘ക്രോസാക്ഷരി’ എനിക്കു നന്നായി ഇഷ്ടപ്പെട്ടു :-)

ജയരാജന്‍ said...

ഗൊള്ളാം...ആദ്യഭാഗത്തിലെ വിശാ‍ലമനസ്കനെ വായിച്ച് ചിരിയടക്കാൻ കഴിഞ്ഞില്ല :)

സെറീന said...

വര്‍മ്മകള്‍ ടി.ജി.രവീനെക്കാളും
പാവമായതോണ്ടാവും ചില
ദുഷ്ടന്മാരെ തീരെ പരിചയമില്ലാത്തത് അല്ലെ?
ആട്ടക്കഥ മൂന്നാം ദിവസം കൂടി കാക്കും,
എന്നിട്ടും കണ്ടില്ലെങ്കില്‍ പാക്കലാം...
(എന്തായാലും സംഗതി ഉഷാറാകുന്നുണ്ട്)

കുഞ്ഞന്‍ said...

മാഷെ,

ഒന്നാം ദിവസം ആടിത്തിമര്‍ത്തപോലെ ഇതായില്ലാട്ടൊ, ഇനിയും ആട്ടക്കഥകള്‍ ഉണ്ടാവട്ടെ...

nandakumar said...

വര്‍മ്മ ഗഡ്യേ
പെടായിട്ടിണ്ട്. എന്നാലും ഒന്നാം ഭാഗത്തിന്റത്രേം വന്നില്ല.
ഇതിലെനിക്കിഷ്ടപ്പെട്ടത് കാര്‍ട്ടുണിസ്റ്റ് സജ്ജീവിന്റെ വേര്‍ഷന്‍ :)

അപ്പ ശ്ശരീ, ചെന്നീട്ട് കോഴീനെ ഓടിച്ചിട്ട് പിടിക്കാനുള്ളതാ... കാണാട്ടാ :) :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാട്ടുകോഴികളേയും നാട്ടുകോഴികളേയും കൊന്നു കൊല വിളിച്ചല്ലോ..കൊള്ളാം!

ചായപ്പൊടി ചാക്കോ said...

തറവാടി-

സ്കൂളില്‍ നിന്നും വന്നപ്പോള്‍ , പൂമുഖത്ത് ഉപ്പയുമായി സംസാരിച്ചിരിക്കുന്ന ഒസ്സാന്‍ പോക്കര്‍ എന്നെ അടുത്തേക്ക് മാടിവിളിച്ചു. അടുത്ത് ചെന്ന ഉടന്‍ പോക്കര്‍ ഉടുത്തിരുന്ന എന്‍‌റ്റെ മുണ്ടഴിച്ചു, പിന്നീട് ഉപ്പാനെ നോക്കി.
‘കോയി’

Anonymous said...

വര്‍മ്മകള്‍,

അടിപൊളി... ഇനിയെങ്കിലും ആ കോഴിയെ വര്‍മ്മക്കുഞ്ഞുങ്ങള്‍ക്ക് കറി വച്ച് കൊടുത്തുകൂടെ? റോഡ്‌ ക്രോസ് ചെയ്തു ചെയ്തു കോഴി ആകെ മെലിഞ്ഞിരിക്കുന്നു.. മേനക ഗാന്ധിയുടെ മോന്‍ ഉടന്‍ നിങ്ങടെ വീട്ടില്‍ എത്തും, കൈവെട്ടാന്‍.. വര്‍മ്മ ആണെന്ന്(ആണാണെന്നു അല്ല!) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എടുത്തു വച്ചോ, രക്ഷപെടാം..

അനുരഞ്ജ വര്‍മ്മ said...

കമന്റാന്‍ മുട്ടി നില്‍ക്കുന്ന അനോണികള്‍ക്ക് ഇതാ ഒരിടക്കാലാശ്വാസം.
അനോണിയൊപ്‌ഷന്‍ തുറന്നിരിക്കുന്നു.
പക്ഷേ വണ്‍ തിംഗ്-
റേഷന്‍ കാര്‍ഡ് വെരിഫൈ ചെയ്താല്‍ മാത്രമേ ഈ റിബേറ്റിന് നിങ്ങള്‍ അര്‍ഹരാവൂ.

വല്യമ്മായി said...

ഒന്നാം ഭാഗം തന്നെയാ നന്നായത്.ഈ ഭാഗം ഒരോരുത്തരുടെയും പോസ്റ്റെടുത്ത് തിടുക്കത്തില്‍ കോഴി തിരുകി കയറ്റിയ പോലെയായി.

അഗ്രജന്‍ said...

ഹഹഹഹ... ഇരിങ്ങലിന്റെ വരികൾ വായിക്കേണ്ടി വന്നില്ല, ചിരിക്കാൻ ആ കളറുകൾ ധാരാളമായിരുന്നു :))

ടി.പി.വിനോദ് said...

അപാരം...

നമിച്ചു..!!!

പകല്‍കിനാവന്‍ | daYdreaMer said...

താണ് വണങ്ങി നമിച്ചു തൊഴിച്ചു . . വര്‍മ്മകള്‍ നീണാള്‍ വീഴട്ടെ... ഹഹ

പകല്‍കിനാവന്‍ | daYdreaMer said...

താണ് വണങ്ങി നമിച്ചു തൊഴിച്ചു . . വര്‍മ്മകള്‍ നീണാള്‍ വീഴട്ടെ... ഹഹ

തറവാടി said...

രാവണപ്രഭു എവിടെകിടക്കുന്നു ദേവാസുരം എവിടെ കിടക്കുന്നു :)

വെള്ളെഴുത്ത് said...

ബാക്കിയെല്ലാം പോട്ടേ, തിരിച്ചു കോഴിയിലേയ്ക്കു വരട്ടേ,വരിക്കപ്ലാവിന്റെ തണല്‍ വൃത്തത്തിലും വീടിന്റെ വ്യാകരണത്തിലും രസിച്ച് പേടിയും നാണവും ചികയുക എന്നുള്ളതാണ് കോഴികളുടെ രമ്പുന്തരവരുതി. എന്നിട്ടും ഒരു കോഴി റോഡ് ക്രോസ് ചെയ്ത് ഓടിയെങ്കില്‍ അത് നിയന്ത്രിക്കാനാവാത്ത ഒരു അരാജകവാസനയ്ക്കു പിന്നാലെ ഇറങ്ങി ഓടിയതായിരിക്കാം. അല്ലെങ്കില്‍ അരാജകവാസനയുള്ള ഒരുടുക്കാക്കുണ്ടന്‍ (ഉടുത്ത കുണ്ടനുമാവാം.. വിഷയം അതല്ല..)കരിങ്കല്ലിന്റെ ചീളെടുത്ത് ചാമ്പിയതുമാവാം. പൂടയും പറിച്ചോടിയ കോഴി അനുഭവിച്ചിരിക്കാന്‍ ഇടയുണ്ടായിരുന്ന സ്വത്വപരമായതും സ്ഥലപരമായതുമായ വേവലാതികളിലേയ്ക്കൊന്നും ആരും കണ്ണയച്ചില്ല. ആ വഴിയ്ക്ക് ഒരുപാട് ദൂരം യാത്ര ചെയ്യാമായിരുന്നു. അതുപോട്ടേന്നു വയ്ക്കാം. അനുരഞ്ജ വര്‍മ്മ കമന്റുകളില്‍ എങ്ങനെ അനുരഞ്ജന വര്‍മ്മയായി? തോട്ടുകര എംബസിയുമായി ബന്ധപ്പെട്ടതില്‍ നിന്നും ഗബ്രിയേല്‍ ജിബ്രാള്‍ട്ടര്‍ എന്നൊരു ലാറ്റിനമേരിക്കാന്‍ സാഹിത്യകാരന്‍ ജീവിച്ചിരുന്നതേയില്ലെന്ന സംഗതിയാണ് ഏറ്റവും നിര്‍ണ്ണായകമായിട്ടുള്ളത്.
ആകെ മൊത്തം എല്ലാം ദുരൂഹമായിരിക്കുന്നു !!

തറവാടി said...

രാവണപ്രഭു എവിടെ കിടക്കുന്നു ദേവാസുരം എവിടെ കിടക്കുന്നു?

നീലകണ്ട വര്‍മ്മ said...

രാവണപ്രഭു ആയതു കൊണ്ടാകുമല്ലോ തറവാടിക്കും ഒരു ചെറിയ വേഷം കിട്ടിയത്

ഗുപ്തന്‍ said...

തന്നേ വെള്ളെഴുത്തണ്ണാ.. ജീവിച്ചിരുന്നിട്ടുപോലും ഇല്ലാഞ്ഞിട്ട് ലവന്‍ ലതൊക്കെ പറഞ്ഞ് കളഞ്ഞല്ലോ എന്നോര്‍ക്കുമ്പോഴാ.. നമ്മളൊക്കെ ഇത്രേം കാലം ജീവിച്ചിരുന്നിട്ടും ലതിന്റെ പകുതിപോലും ഗുമ്മൊള്ള ഒരെണ്ണം പറയാന്‍ പറ്റണില്ല. ലവന്‍ പുലിതന്നെ കേട്ടാ

@തറവാടി

ദേവാസുരം പിള്ള എവിടെയാന്നറിയൂല്ല. രാവണപ്രഭു ഷാപ്പിലിരുന്നു വെള്ളമടിച്ച് തെറിപ്പാട്ട് പാടുവാ.. ഇടഞ്ഞ കുടിയന്റെ കണ്ണില്‍ വെറുതേ മീന്‍ കറി കോരി ഒഴിക്കല്ലേ :)

(കൂ)തറവാടി said...

എന്ത്? തറവാടിയെകൊണ്ട് വേഷം കെട്ടിച്ചെന്നോ?

ഘടോല്‍കചന്‍ said...

ആട്ടകഥ രണ്ടും കിടുവായി........... തഹര്‍ത്തുവാരി............. :)

Anonymous said...

Sebin Abraham Jacob ---

ലളിതമായി ഉത്തരം പറഞ്ഞു പോകാവുന്ന ചോദ്യമല്ല ഇത്. ഒരു രാഷ്ട്രീയവിദ്യാര്‍‌‌‌‌ത്ഥി എന്ന നിലയില്‍‌‌‌‌ തന്നെ ഇതിനെ സമീപിക്കേണ്ടതുണ്ട്. വാക്കിങ്ങ് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരെങ്കിലും ചെയ്യുന്ന കാര്യമല്ല പറയുന്നത്. പകരം കുറേക്കൂടി സൂക്ഷ്മമായ ഭീഷണി അതിലുണ്ട്.

കാറ്റത്ത് തകര്‍‌‌ന്നു വീണ അമേരിക്കയിലെ ഇരട്ടഗോപുരങ്ങ‌‌ള്‍‌‌‌‌ ഇതൊന്നുമറിയാത്ത ബിന്‍‌‌ലാദന്റെ തലയില്‍‌‌‌‌ കെട്ടിവയ്ക്കുകയായിരുന്നു. ചിത്രകാരന്റെ വീട്ടുമുറ്റത്തെ കോഴിയെ ഓടിച്ചത് പൊന്നമ്പലത്തിന്റെ അസഹിഷ്ണുതയാണ്‍‌‌‌‌. ഇതൊക്കെ മനസ്സിലാക്കണമെങ്കില്‍‌‌‌‌‌‌‌‌‌‌ പലസ്തീനില്‍‌‌ എന്ത് നടക്കുന്നു എന്നറിയണം‌‌, ശ്രീലങ്കയില്‍‌‌ എന്തു നടക്കുന്നു എന്നറിയണം‌‌, സ്വാതില്‍‌‌ എന്തു നടക്കുന്നു എന്നറിയണം‌‌. അമ്പലവാസി സം‌‌സ്കാരം മുസ്ളീം വിരുദ്ധമാണ്‍‌‌‌‌, ക്രിസ്ത്യന്‍ വിരുദ്ധമാണ്‍‌‌‌‌ തീര്‍‌‌ച്ചയായും സമൂഹവിരുദ്ധവുമാണ്‍‌‌‌‌‌‌‌‌‌‌.

Unknown said...

അളിയാ തകര്‍ത്തു.

ഇത്രയെങ്കിലും പറയാതെ പോയാല്‍ ഞാന്‍ ഒരു ബാന്‍ കി മൂണ്‍ ആയിപ്പോവില്ലേ. ആക്ച്വലി കോഴി എന്തിനാ റോഡ് മുറിച്ച് കടന്നത്‍ ?

Anonymous said...

എന്താടാ വര്‍മ്മമാരുടെ അടിയന്ത്രം കഴിഞ്ഞോ. കൃമിനശൂലങ്ങള്‍. നിനക്ക് ഒന്നും വേറെ ഒരു പണീമില്ലേടാ ചെയ്യാന്‍.വര്‍മ്മ പോലും ഫൂ

മേലെ കമന്റിയവന്റെ അപ്പന്‍വര്‍മ്മ said...

ഇല്ലെഡാ രോമൈ

Editor said...

പണ്ട് കുങ്കുമം വാരികയില്‍ മലയാള കവിതയിലെ അന്നത്തെ എല്ലാ താരങ്ങളേയും അനുകരിച്ച് ചൊവ്വല്ലൂര്‍ കൃഷ്ണങ്കുട്ടി എഴുതിയ ഒറിജിനലിനെ വെല്ലുന്ന പാരഡികളെ കടത്തിവെട്ടി ഇത്.

പറഞ്ഞാല്‍ വിശ്വസിക്കൂല - ഒരു പതിനഞ്ചുദിവസം മുമ്പ് ‘കോഴിയ്ക്ക് മുല വന്നാല്‍’ എന്നൊരു പോസ്റ്റ് ഡ്രാഫ്റ്റിത്തുടങ്ങിയിരുന്നു. അങ്ങനെയിരിക്കെ അതാവരുന്നു കോഴിയും മുലയും. എന്നെയങ്ക്ട് കില്ല്.

ഇതാര് രാജേഷ് വര്‍മയോ? നമസ്കാരം, നമസ്കാരമേ...

അരുണ്‍ കരിമുട്ടം said...

കൊന്ന് കൊലവിളിക്കുക എന്ന് പറഞ്ഞാല്‍ ഇതാണ്.
എവിടം വരെ പോകും എന്ന് നോക്കട്ടെ
:)

ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീയുടെ കമന്‍റാണ്..

കോഴി:)

അങ്കിള്‍ said...

ബ്ലോഗിലെ ആപത്ത് കാലത്ത് വര്‍മ്മപടകള്‍ മാത്രമേ രക്ഷക്കെത്തൂ എന്നു നന്നായറിയാമെന്നുള്ളതു കൊണ്ട് കൂടുതലൊന്നും എഴുതുന്നില്ല.

tk sujith said...

റാം മോഹന്‍ പാലിയത്ത് പറഞ്ഞ ചൊവ്വല്ലൂരിന്റെ കഥയാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്.ഇത് അത്യുഗ്രന്‍.

ശ്രീ ശ്രീ ആര്‍ട്ട് ഓഫ് ലിവിംഗ് വര്‍മ്മ said...

അപ്പൊ നിങ്ങളാരും അറിഞ്ഞില്ലെ?
ഈയൊരൊറ്റ സംഭവത്തോടെ മനംനൊന്ത് ശ്രീ സ്മൈലി ഇടുന്ന പരിപാടി തന്നെ നിറുത്തിയെന്നാ‍ കേള്‍ക്കുന്നത്

മുലകുടിയന്‍ വര്‍മ്മ said...

‘റം’ മോഹനേട്ടന്‍ പറഞ്ഞുവരുന്നത് കോഴിയ്ക്കു മുലവരാന്‍ 15 ദിവസം മതിയെന്നാണോ?

ഓ. മൈ. ഗോ. !

ശ്രീ ഓഷോ വര്‍മ്മ said...

അങ്ങന്യാച്ചാ പാലിയത്തച്ചന്റെ കോഴിക്ക് മുല നാല് വരണമല്ലോ ശ്രീ ആര്‍ട്ട് വര്‍മ്മേ?

ട്യൂബ് ലൈറ്റ് വര്‍മ്മ said...

വല്ലോരും വല്ലെടേത്തും കിടന്നുറങ്ങുന്നത് പോയി നോക്കുന്നത് തറവാടികള്‍ക്ക് ചേര്‍ന്നതാണോ?

വെട്ടിക്കൊല ബിജു വര്‍മ്മ said...

അങ്കിള് കരുതുന്ന പോലെ അത്ര സ്നേഹമുള്ള കൊട്ടേഷന്‍ ടീമൊന്നുമല്ല വര്‍മ്മാസ് കേട്ടോ. അങ്കിളങ്ങിനെ മുന്‍‌കൂര്‍ ജാമ്യമൊന്നുമെടുക്കണ്ട.

കുറുമ്പയുടെ കുരുത്തംകെട്ട വര്‍മ്മ said...

ഹലോ വര്‍മ്മേര്‍സ്,
മൂന്നാം ഭാഗം ഇതു വരെ തയ്യാറായില്ലെ?
അതോ രണ്ടാം ഭാഗത്തോടെ വെടി തീര്‍ന്നാ?

മണവാളന്‍ വര്‍മ്മ said...

ഹല്ലലോ അനുരഞ്ജ വര്‍മ്മ,
ഈ പുലി ബ്ലോഗേര്‍സ് ഒക്കെ അവരുടെ കിടപ്പറയിലെങ്ങനെ ആയിരിയ്ക്കും എന്നും എന്തൊക്കെ ഡയലോഗുകള്‍ ആയിരിയ്ക്കും അവിടെ പറയുന്നതെന്നും ഉള്ള ഒരു പോസ്റ്റ് ഇടാവോ?
അല്ല വേറൊരു പണിയും ഇല്ലാതെയിരിയ്ക്കല്ലേ!

കൊലകൊമ്പന്‍ said...

ഇന്നാണ് ഇങ്ങോട്ട് ആദ്യമായി വരുന്നത്..നോം ഇവിടെ ഒരു തുടക്കക്കാരനാണ് .. ബൂലോകത്തെ പ്രമുഖര്‍ പലരുടെയും ബ്ലോഗുകള്‍ ആദ്യം മുതല്‍ വായിച്ചു വിലയിരുത്താനുള്ള സമയം എന്തായാലും ഇല്ല.. ഈ ഒറ്റ പോസ്റ്റില്‍ എല്ലാവരേം കുറിച്ച് മുട്ടന്‍ ഐഡിയ കിട്ടിക്കഴിഞ്ഞു
നന്ദ്രി അണ്ണേ

Kaippally said...

ഇതു് കാണാൻ ഒരുപാടു് വൈകി. എക്കാലത്തേയും സൂപ്പർ blog postകളിൽ ഒന്നായിരിക്കും ഇതു്.

:)
Simply amazing sense of humour.