Tuesday, June 9, 2009

കോഴിപുരാണം (ആട്ടക്കഥ)

ആകസ്മികമായാണ്‌ വര്‍മ്മായലത്തിന്റെ തിണ്ണയില്‍ ഇങ്ങനെയൊരു നോട്ടീസ് ആരോ പതിച്ചതായി കാണപ്പെട്ടത്.

Why Did the Chicken Cross the Road?
എന്ന ചോദ്യത്തിന് ലോകപ്രശസ്തരുടെ മറുപടിയാണവിടെ.


ഇതേചോദ്യം, റിസെഷന്‍ കാലമായതിനാല്‍ പണിയൊന്നുമില്ലാതെ വര്‍മ്മാലയത്തില്‍ കഞ്ഞിയും ചുട്ട പപ്പടവും കഴിച്ച് വിശ്രമിക്കുന്ന വര്‍മ്മക്കുഞ്ഞുങ്ങള്‍ക്ക് ഒരു ചിന്ന അസൈന്‍മെന്റായി കൊടുത്തതിന്റെ പരിണാമ ഗുപ്തിയാണ്‌ താഴെ കാണുന്നത്. പ്രശസ്ത ബ്ലോഗര്‍മാര്‍ ടി ചോദ്യത്തിന് മറുപടി പറയുന്നു. മേല്‍ ലിങ്ക് ഞെക്കി ഏകദേശം ഒരു ധാരണ വരുത്തിയ ശേഷം തുടര്‍വായന നടത്തുന്നതാവും എന്തു കൊണ്ടും ഉചിതം.

* മിനിമം ഹൃദയവിശാലതയില്ലെങ്കില്‍ ഇത് വായിക്കരുത്.
വ്യക്തിഹത്യ വര്‍മ്മകളുടെ ലക്ഷ്യമല്ല.
ബൂലോഗശൈലികളെ ഒന്ന് അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം
ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം
(സത്യത്തില്‍ വര്‍മ്മകള്‍ ടിജി.രവീനേക്കാളും പാവങ്ങളാണ്‌)



ചിത്രകാരന്‍ :
റോഡ്, ബ്രാഹ്മണ്യത്തിനു ചന്തികഴുകിക്കൊടുക്കാന്‍ മാത്രം പഠിച്ച $##^%##$#$ നായന്മാരുടെ തന്തേടെ വകയല്ലാത്തതുകൊണ്ട്.

മാരീചന്‍ :
കോഴിയെന്നു കേള്‍ക്കുന്നതേ അച്യുതാനന്ദനു കലിയാണ്. അര്‍ശസ് മൂത്ത് കട്ടച്ചോരവയറ്റീന്നു പോകുമ്പോഴും കോഴിമുട്ടയേ കഴിക്കൂ. അങ്ങനെയുള്ള മൂത്ത കോഴിവിരുദ്ധനെയാണ് അഴീക്കോട് കൂട്ടില്‍ കാഷ്ഠിക്കുന്ന കോഴിയോടുപമിച്ചത്. കോഴിക്കുമില്ലേ കൃമികടി. കോഴി റോഡ് മുറിച്ച് നാടുവിട്ടോടിക്കാണും.

ലതീഷ് മോഹന്‍ :
കടന്നുകൊണ്ടിരുന്ന വഴി
നടുവില്‍ വച്ചു മുറിഞ്ഞ്
റിവേഴ്സ് ഗിയറില്‍ തിരിഞ്ഞ്
കൂട്ടിലേക്കുള്ള വഴിയായെങ്കില്‍...

വക്കാരിമഷ്‌ടാ :
ഈ കോഴി വൈറ്റ് ലഗോണൊ, ബ്രൊയിലറോ? ഇനി വൈറ്റ് ലഗോണാണെങ്കില്‍ ഇത് നാടന്‍ കോഴി ഇടവഴിയിലൂടെ നടക്കുന്നതും, ബ്രോയിലര്‍ ബ്രോഡ്-വേയിലൂടെ നടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്നത്തിന്മേല്‍ ഇത്തരമൊരു നിലപാട് ശരിയാണോ?

വെള്ളെഴുത്ത് :
പാത മുറിയ്‌ക്കുക എന്ന സാഹിത്യ ഭാവുകത്വത്തിന്റെ നിയന്ത്രണ നിരാസങ്ങളെ ഇപ്പോഴും പരിരംഭണം ചെയ്യുന്ന സൂക്ഷ്മനിരീക്ഷണങ്ങളെ കോഴികള്‍ അനുശീലിക്കുന്നതിന്റെ രൂപാന്തരീകരണമാണിതെന്ന് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ജിബ്രാള്‍ട്ടര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

കൈപ്പള്ളി :
കോഴി cross ചെയ്‌ദദ് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സദ്യാവസ്ത മനസിലാക്കാവുന്നതേയുള്ളു. ഇത് chicken കുഞ്ഞ് അല്ല, amazon വനാന്തരങ്ങളില്‍ കണ്ടുവരുന്ന Yellow-headed Guns (Lier Udumabusbundus) എന്ന ഭക്ഷിക്കുഞ്ഞാണിത്. പടം പോട്ടത്തിലുണ്ട്.


ശ്രീ:
കോഴി :)

രാം മോഹന്‍ പാലിയത്ത് :
കോഴീ കറുത്തൊരു കോഴീ
കുഴഞ്ഞാടാതെടീ..
(ഇത് മുലയുള്ള കോഴിയാണോ? )

ഉമേഷ് നായര്‍ :
എന്തായാലും കേരളവര്‍മ്മ വലിയ കോഴി തമ്പുരാന്റെ വക ഒരു ശ്ലോകമിതാ
കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ
തഥാകൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

നളൻ :
തൂറുന്ന കോഴി.. തിളങ്ങുന്ന റോഡ്
ഫ്യൂഡൽ പാരമ്പര്യം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് റോഡ് മുറിച്ചുകടക്കാൻ കോഴിയോടാവശ്യപ്പെടുന്നത്. അധ:സ്ഥിതവർഗ്ഗക്കാരനായ കോഴി റോഡ് മുറിച്ചുകടക്കുമ്പോൾ സാമ്രാജത്യത്തിന്റെ ലോറി കേറ്റി കൊല്ലുക എന്നതാണ് ഫ്യൂഡൽ പ്രഭുക്കന്മാരുടെ അജണ്ട.

ബഷീർ വെള്ളറക്കാട് :
കോഴി ഒരു ദൈവശൃഷ്ഠി ആയതുകൊണ്ട്, മനുഷ്യനിർമ്മിതമായ റോഡ് മുറിക്കുക എന്നത് കോഴിയുടെ ദൈവകൽ‌പ്പിതമായ നിയോഗമാണ്. ദൈവം സ്നേഹമാണെന്ന് ഇനിയും മൻസ്സിലാക്കാതെ വിദ്വേഷവും ദൈവനിഷെധവും പടർത്തുന്ന സഹോദർന്മാർക്ക് വിശുദ്ധഗ്രന്ധത്തിലെ ആയത്തുകൾ പരിശോധിക്കാവുന്നതാണ്.

ഇഞ്ചിപ്പെണ്ണ്:
വല്ല്യ കഷ്ടാണ് കോഴീന്റെ കാര്യം. കോഴിക്ക് സ്വന്തായി എക്സ്ക്ലൂസീവ് ആയൊരു കൂടില്ല. അപ്പന്റേം അമ്മേടേം കൂടാണോ അതോ മുട്ടയിടുന്ന കൂടാണോ ഹസ്ബന്‍ഡ് കൂവാന്‍ കേറണ റബറിന്‍ കൊമ്പാണോ സ്വന്തമെന്ന് പറയേണ്ടതെന്നറിയാതെ ആകെയൊരു കണ്‍ഫ്യൂഷനിലാണ് കോഴി. കാണുന്ന റോഡൊക്കെ കുറുകെ ചാടാതെ എന്തു ചെയ്യും!

സഗീര്‍ പണ്ടാരത്തില്‍:
ഇനിയും മുറിക്കാത്ത കോഴീക്കുമീ
യിനിയും മുറിയാത്ത റൊഡിനുമീ
യന്തരാത്മാവിന്റെ കൊമ്പിലെ ത
ളിരിലകളാലൊരു മീചരമഗീതം.

വിശാലമനസ്ക്കന്‍:
പെട കോഴിയാര്‍ന്നൂ. നല്ല ചെമന്ന പൂവൊക്കെ ഉള്ള ചുള്ളന്‍. അപ്രത്തെ ചേട്ത്ത്യാര്‍ടെ സുന്ദരി പെടേനെ ലൈനടിക്കാന്‍ വേണ്ടി വെപ്രാളത്തില്‌ റോഡ് ക്രോസ് ചെയ്തതാ. ആമ്പലൂര്‍ക്ക് മണ്ണ് കേറ്റിവരണ പാണ്ടി ലോറിക്കെന്ത് കോഴീം, കര്‍ക്കടസങ്ക്രാന്തീം. കോളേജ് പെമ്പിള്ളേരൂടെ കൈലേസില്‌ തുന്നികൂട്ട്യ പടം പോലായി

രാജ് നീട്ടിയത്ത് :
ക്രോസ് ചെയ്യുമ്പോള്‍കോഴിക്കുഞ്ഞ്
ഓര്‍മ്മകളിലായിരുന്നിരിക്കണം
അമ്മപ്പിട പുതിയമുട്ടക്കടയിരിക്കുമ്പോള്‍
മുത്തശ്ശിക്കോഴി കൂട്ട്
കൊഴിഞ്ഞതൂവല്‍ച്ചിറകില്‍
ഇരുട്ടിലെക്കുളിരില്‍
ഒര്‍രു മുഷ്‌‌ടി മൈഥുനത്തിന്റെ
സാധ്യത തിരയുന്ന കോഴി
പൊട്ടിയ മുട്ടകള്‍...

സൂ (കറിവേപ്പില):
കോഴി ഫ്രൈ
റോഡ് മുറിച്ച് കടക്കുന്ന കോഴി - ഒന്ന്
സവാള നീളത്തില്‍ അരിഞ്ഞത് - അരക്കപ്പ്
വെള്ളുള്ളി അരച്ചത് - കാല്‍ കപ്പ്
മസാല = ആവശ്യത്തിന്
റോഡു മുറിച്ച് കടക്കുന്ന കോഴിയെ ഓടിച്ചിട്ടുപിടിച്ച ശേഷം പപ്പും,പൂടയും നീക്കം ചെയ്യുക
(ചിത്രം)
അതിനു ശേഷം കോഴിയെ അഞ്ചാറു പീസാക്കി മുറിയ്ക്കുക
(ചിത്രം)
മസാലക്കൂട്ടു പുരട്ടിയതിനു ശേഷം
(ചിത്രം)
എണ്ണ തിളച്ചു കഴിഞ്ഞാല്‍
(ചിത്രം)
..........

അനോണിമാഷ് (ഒറിജിനല്‍):
റോഡ് കടക്കുന്ന കോഴിയുടെ തലയിൽ വെണ്ണ വയ്ക്കുക,
വെയിലത്ത് വെണ്ണ ഉരുകും, ഒലിക്കും, അപ്പൊ കോഴിക്ക് കണ്ണ് കാണില്ല.
അപ്പൊ ലോറി ഇടിച്ച് കൊല്ലണം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി :
കോഴി പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ റോഡ് എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‌ ആ റോഡ്. കോഴി മുറിച്ച് കടന്ന ശേഷവും റോഡിന്‌ നില നില്‍ക്കേണ്ടതുണ്ട്. സീബ്ര ക്രോസിംഗിനെ പറ്റി കുറുക്കന്മാര്‍ എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ മുറിച്ചു കടക്കല്‍ തന്നെ അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും കോഴികള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് കുറുക്കന്മാര്‍ക്കുള്ളത്.

സിബു CJ :
കോഴിക്ക് അനായാസം റോഡ് മുറിച്ച് കടക്കുവാന്‍ സഹായിക്കുന്ന ഒരു GPS സിസ്റ്റം ഗൂഗിള്‍ ഡെവലപ് ചെയ്തിട്ടുണ്ട്. സമീപത്തുള്ള പൂവാലന്മാരുടെ വിവരങ്ങള്‍, പഞ്ഞുവരുന്ന വണ്ടികളെക്കൂറിച്ച് മുന്നറിയിപ്പ് തരുന്ന അലാം, തൊട്ടടുത്ത ബ്രോസ്റ്റഡ് ചിക്കന്‍ സ്റ്റാള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഇതിന്റെ പൈപ്പ് ഫീഡുകള്‍ കിട്ടാന്‍ അടുത്തുള്ള ഹാര്‍ഡ് വെയര്‍ കടക്കാരനെ സമീപിക്കുക. നടവഴി വിക്കി, ക്രോസ് ഫോര്‍ജ് സൈറ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.

ചന്ദ്രശേഖരന്‍ നായര്‍ :
വനിതാസ്പീക്കര്‍ സ്ഥാനമേറ്റതിനെത്തുടര്‍ന്ന് കോഴിവസന്തക്കെതിരായിട്ടുള്ളതായിട്ടുള്ള കുത്തി വെപ്പ് എല്ലാ എം പിമാര്‍ക്കും നിര്‍ബന്ധമാക്കാന്‍ പ്ലാനുള്ളതായി ശ്രീ.ശശി തരൂര്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ അറിയിച്ചു. കോഴികള്‍ക്കുണ്ടാവുന്ന പട്ടമരപ്പ് രോഗത്തിന് ഒന്നരലിറ്റര്‍ പച്ചറബ്ബര്‍പ്പാല്‍ പശുവിന്‍ ചാണകത്തില്‍ കലക്കിയെടുത്തുണ്ടാക്കുന്ന പ്രത്യേക ഒരു മരുന്നു ഞാന്‍ കണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. ഞാനങ്ങ് ലഡാക്കിലായിരുന്ന സമയത്ത് റബ്ബര്‍‌ബോര്‍ഡ് ആ ഫോര്‍മുല അടിച്ചു മാറ്റിയ രേഖകള്‍ എന്റെ കയ്യിലുണ്ട്.

വിശ്വപ്രഭ:
കോഴികിടന്നിടത്ത് തൂവല്‍ പോലുമില്ലാത്ത ഒരു കാലുമുണ്ടായിരുന്നീ ബൂലോഗത്തില്‍.അന്ന് പരുന്തിനും പ്രാപ്പിടിയന്മാര്‍ക്കും റാഞ്ചാതെ ഞങ്ങളീ കൈരളീക്കോഴിക്കുഞ്ഞിനെ കാത്തു.
വരമൊഴികൊണ്ട് അടയിരുന്നു, യുനീകോഡ് തൂവലുകൊണ്ട് ചൂടുനല്‍കിആ കോഴിയെയാണ്‌ ഇന്നലെ കാട്ടില്‍ എത്തിയ കുറുക്കന്മാര്‍ കറുമുറെ തിന്നാന്‍ കാത്തിരിക്കുന്നത്എന്തു ചെയ്യാന്‍?
കൊത്തിയാട്ടുക തന്നെ...
നാളെ നീന്നെ കൊത്തിയാട്ടുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും
പോയി വരൂ കോഴിക്കുരുന്നേ

യാരിദ്:
കോഴി എപ്പോഴും വിരകളെയും പുഴുക്കളേയും, പ്രാണികളേയും ഒക്കെ കൊത്തി തിന്നുന്നതിനാല്‍ വേം1.3, ബഗ്സ് 4.5 എന്നീ മാരക ശേഷിയുള്ള വൈരസുകള്‍ ഉള്ള ഒരു സിസ്റ്റം എന്‍‌വയണ്മെന്റ് ആണ്‌ കോഴിയുടെ ആമാശയം. ഇത് കുടല്‍ എന്ന ഇന്റ്രാനെറ്റ് വഴി കാലുകളിലേക്കും , അവിടെ നിന്ന് റോഡിലേക്കും പടരാന്‍ സാധ്യതയുണ്ട്. 1984ല്‍ രണ്ട് കോഴിക്കമ്പനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ "കൊക്കൊക്കോ" എന്നൊരു വേം സൃഷ്‌ടിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായ "കൊക്കരക്കോ" ബാധിച്ച കോഴിയാണ്‌ ഇപ്പോല്‍ റോഡ് മുറിച്ചു കടക്കുന്നതെന്ന് സംശയമുണ്ട്.Ref.
www.kozi-worm.com , www.kokkarako.com, www.kozhikkattam.com


നമത് :
പ്രസ്ഥാനം കുക്കുടാസനത്തിലായിരുന്നു. കോഴിയ്ക്ക് അത് മോൺസ്റ്റർ പ്രായം കഴിഞ്ഞ് പിടകളുടെ അവയവമുഴുപ്പിൽ കയ്യും മെയ്യും അമർത്താൻ പിടയ്ക്കുന്ന തരുണാവസ്ഥ. റോഡിന്റെ അപ്പുറത്തെ ഗേറ്റിനു പുറകിൽ സമപ്രായക്കാർ രണ്ട്. രണ്ടും സ്കൂൾ യൂനിഫോമിന്റെ ആകർഷണീയതിൽ വിളംബിതകാലത്തെ പ്രസരിപ്പുകൾ. സീനിയർ പ്രസ്ഥാനം ചാരുകസേരയിൽ അഞ്ജലീബദ്ധനായി, സമീപത്ത് സ്റ്റൂളിൽ വിദേശി, ജോണി വാക്കർ. ‘വേർ യു ഗോ ?’ എന്ന ചോദ്യത്തിൽ മോൺസ്റ്ററിനെ നിയന്ത്രിച്ചിരുന്ന കാലം കഴിഞ്ഞതിനാ‍ൽ, നിശബ്ദൻ. സുഹൃത്ത് നീചന്റെ പ്രേരണയിലാണ് റോഡിനപ്പുറത്ത് യൂനിഫോമിട്ട് റ്റെന്നിസ് കളിക്കുന്ന സിസ്റ്റേർസിന്റ്റെ അടുത്തേയ്ക്ക് മന്ദം മന്ദം നീങ്ങിയത്. ആകർഷണം യൂനിഫോമിനകത്തെ റ്റെനീസ് ബാളുകൾ.ശേഷം ചിന്ത്യം.

ഹരീ:
ഫെബ്രുവരി 31 തിങ്കളാഴ്‌ചഇടങ്കോലേശ്വേരം ശ്രീ ഇഞ്ചിഭഗവതി കെട്ടിലമ്മ ക്ഷേത്രത്തില്‍ “കുക്കുടചരിതം-മൂന്നാം ദിവസം“ കഥകളി കഴിഞ്ഞ് മടങ്ങി വന്ന് റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു കോഴിക്കുഞ്ഞ്.
നടന്നെത്തുന്ന കൊഴിക്കുഞ്ഞിനെ കണ്ണിമയ്കാതെ നോക്കുന്ന കുറുക്കന്റെ ആഗമനമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” (കവലയിലിങ്ങനെ കറങ്ങിത്തിരിയുന്നതെന്തിന് ബലേ ഭേഷ്!) എന്നു തുടങ്ങുന്ന കുറുക്കന്റെ പതിഞ്ഞ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. “അരികില്‍ വന്നു നിന്നതാരെന്തഭിമതം.. മിനക്കെട്ടങ്ങുമിങ്ങും നടക്കാതിഗ്ഗളസ്ഥാമാകൂ...”?” എന്ന കുറുക്കന്റെ ചോദ്യത്തോടെ കോഴിക്കുഞ്ഞ് രംഗത്ത് നിന്നും നിഷ്‌ക്രമിക്കുന്നു.

കൈതമുള്ള് :
പടിയ്ക്കല്‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേല്‍ മടിയില്‍ മകനെ ‍പിടിച്ചിരുത്തി, ബാലേട്ടന്‍."നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ചയല്ലേ? നമ്മുടെ പൂവന്‍ കോഴിയെ, അന്ന് കൊന്ന് കറി വച്ചാലോ എന്നാലോചിക്യാ ഞാന്‍?'അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്ന വാക്കുകള്‍. 'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍?” ബാലേട്ടന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ, അവന്‍. ഭയത്തിന്റെ ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ, ഉറക്കം. ഭയവിഹ്വലതയോടെ രാത്രി മുഴുവന്‍ ഉറങ്ങാതെ, ആദിത്യാഗമനത്തെ നാട്ടുകാരെയൊക്കേയും വിളിച്ചറിയ്ക്കാതെ വറ്റി വരണ്ട തൊണ്ടയുമായി, റോഡിന്നപ്പുറത്തുള്ള മറിയചേട്‌ത്തീടെ കറുമ്പിപ്പിടയോട് പറയാനിറങ്ങി പുറപ്പെട്ടു,....

ഇനിയും എത്ര ദിവസം കൂടെ?

പ്രമാദം(പ്രമോദ്) :
കോഴികം (കവിത)
ജപ്പാന്‍കാരന്‍ കൊക്കരകോയുടെ
ആദ്യകാമുകിമാര്‍ ബ്രൊയിലറും,
പിന്നൊരെണ്ണം വൈറ്റ് ലഗോണും
ഇപ്പോളത്തെത് നാടന്‍ കൊഴിയുമാണെ
കേട്ടയുടനെഅവനെ ഞാന്‍കൂട്ടിലേക്ക് ക്ഷണിച്ചു.

ഞാന്‍ കൊടുത്ത തീറ്റയുംവെള്ളവുമൊക്കെ കഴിച്ച്
കൊക്കൊക്കൊക്കോ എന്ന് പലവട്ടം പറഞ്ഞു.
ടര്‍ക്കിക്കോഴികളെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫാമില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരു പൂവന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ കൊക്കി
ജപ്പാനീസില്‍ കൂകി.

അവന്‍ പോയപ്പോള്‍ ‍അവന്റെ പിടകളെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത്
ഞാന്‍നിരാശപ്പെട്ടു.
എങ്കിലുംഅവനിപ്പോള്‍ കൊത്തിക്കൊണ്ടിരിക്കാന്‍
സാദ്ധ്യതയുള്ളകോഴിത്തീറ്റയെ ഓര്‍ത്ത്
ഞാന്‍ ‍റോഡ് ക്രോസ് ചെയ്തു

വിഷ്ണുപ്രസാദ്:
ലിംഗരാജും കോഴിയും
ഇന്ദിരാക്കോഴി കവലയുടെ
പടിഞ്ഞാറേ അറ്റത്തുള്ളമത്തായീടെ
കോഴിക്കൂട്ടിലെ അന്തേവാസിയാണ്.
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ ക്രോസ്സ് ചെയ്യും
.............................................
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും ക്രൊസ്സ് ചെയ്യുമ്പൊള്‍
സൃഗാലലിംഗങ്ങള്‍ അവളെ തുറിച്ചു നോക്കും;
പഞ്ചാരയടിക്കുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
ജാനുവിനോട് കടം പറയുന്ന ലിംഗങ്ങള്‍,
ഓരിയിടുന്ന ലിംഗങ്ങള്‍...

ചന്ദ്രകാന്തം (മഷിത്തണ്ടില്‍) :-
കോഴിക്കൂടിന്‍ ഗന്ധം ചിറകില്‍
പുരട്ടിയെത്തും ചങ്ങാതീ
വെട്ടം കേറാക്കൂട്ടിന്നുള്ളില്‍
കൂട്ടും വിട്ടു കഴിഞ്ഞപ്പോള്‍
'ചികയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ...
ചിറകുകള്‍ നീര്‍ത്തി വിരിച്ചൂനീ
കൂവിവിളിപ്പതു കാണ്മാനായ് നി-
ന്നരികത്തെത്തിയതല്ലേ ഞാന്‍...
അതിനുംമുന്നേ റോഡിനു കുറുകെ
ഓടിപ്പോകുവതെങ്ങോ നീ ??

സുല്‍:
((((ഠേ!!!)))
റോഡ് ക്രോസ്സ് ചെയ്ത കോഴിക്കുഞ്ഞ് ഞെട്ടിപ്പോയി ഠപ്പേന്നൊരു ശബ്ദം !ഹിഹി... ഞാനാ സൂവിന്റെ പോസ്റ്റില്‍ ഒരു തേങ്ങയുടച്ചതാരുന്നു :)
-സുല്‍


കുറുമാന്‍ :
റോഡ് ക്രോസ്സ് ചെയ്താല്‍ പാലം. പാലത്തിന് കൈ വരിയില്ല.ഉണ്ടായിരുന്നെങ്കില്‍ കൈവരീല്‍ ചാരി നിന്ന് ഒരു ഫുള്ള് തീര്‍ത്തേനെ . പാലത്തിനു താഴെ ഒരു സ്ലാബുണ്ട്. ഒരു കോഴിക്കുഞ്ഞിന് കിടക്കാന്‍ മാത്രം പാകത്തില്‍. മെല്ലെ നൂര്‍ന്ന് സ്ലാബിലേക്കിറങ്ങി. നൂര്‍ന്നിറങ്ങുന്നതിനിടയില്‍ ഒരു ലാര്‍ജ്ജ് ഒറ്റക്കൈ കൊണ്ട് അകത്താക്കി. പാടത്ത് കലങ്ങിയ വെള്ളമാരുന്നു. കലങ്ങിയാല്‍ നമുക്കെന്താ കുഴപ്പം. നമ്മള് വെള്ളം തൊടാതല്ലേ അടിക്കണത്. അടുത്ത ഫുള്ള് പൊട്ടിച്ചു. ചിക്കന്‍ അറുപത്തഞ്ചായി മുറിച്ച ചിക്കന്‍ സിക്സ്റ്റി ഫൈവ് ഉണ്ട് ടച്ചിംഗ്‌സായി. ജട്ടി ഇട്ട് കുളിക്കാന്‍ പാടില്ല എന്നൊരു ബോര്‍ഡ് കണ്ടതിനാല്‍ ഒന്നുമിടാതെ ഞങ്ങള് പാടത്തേക്ക് ചാടി. ഒന്ന് മുങ്ങി വന്നിട്ട് രണ്ട് ലാര്‍ജ്ജ് അടിക്കും.കോഴി പൊരിച്ചത് തീര്‍ന്നു. തോര്‍ത്തു പോലുമുടുക്കാതെ തൃശൂര്‍ക്ക് വണ്ടി വിട്ടു. ഗോപാലേട്ടന്റെ കടേന്ന് നാടന്‍ കോഴിക്കറീം കോഴിമുട്ട പുഴുങ്ങിയതും വാങ്ങി. വണ്ടീല്‍ കേറി ഒരു ലാര്‍ജ്ജും വിട്ട് വീണ്ടും പാടത്തേക്ക്. ഇത്തവണ കോഴി കൂകുന്നതിന്‍ മുമ്പ് പ്രേതത്തെ പിടിക്കും ഉറപ്പ്. ഓസിയാറിന്റെ മണ്ടക്ക് തൊട്ട് സത്യം ചെയ്തു.അപ്പോ ക്രോസ് ചെയ്തത് കോഴിയാരുന്നോ ഞങ്ങളാരുന്നോ അതോ പ്രേതമാരുന്നോ..ആകെ കണ്‍‌ഫൂഷനായല്ലോ ഗഡ്യോളേ...


റോബി:
ചൈനീസ് ചിത്രമായ 'റെഡ് ക്രോസി'ല്‍ ചുവന്നകോഴിയെക്കാണിക്കുന്നുണ്ട്. പക്ഷേവൈറ്റ്ലഗോണ്‍ എന്ന ഹീബ്രൂ സിനിമയിലെ കോഴിയുടേയും റോഡിന്റേയും രാഷ്ട്രീയം കോഴ്സിക്കോവയുടെ കൊക്കരക്കോക്രോ എന്ന അള്‍ജീരിയന്‍ സിനിമയില്‍ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മാത്രമേ പാതമുറിച്ചുകടന്ന കോഴിയുടെ മന:ശാസ്ത്രത്തിന്റെ വിപ്ലവം ആസ്വദിക്കാന്‍സാധിക്കൂ.

ഡിങ്കന്‍
ഹന്തൊന്തൊന്ത് ...മനസിലായോ? കോഴി (മുറിച്ച് )കടന്നതെന്തിനാണെന്ന്?അവശേഷിക്കുന്ന (കോഴിയും) റോഡ്-മുറിച്ച് കടക്കുമ്പോള്‍അവസാന കോഴി+ക്കറിയും വളിച്ച് പുളിക്കുമ്പോള്‍
ഒടുക്കത്തെ ചിക്കനും പൂച്ച തിന്നുമ്പോള്‍ -‍കോഴിയെ മാത്രം തിന്ന് - ജീവിക്കാനാകില്ലെന്ന് [നാം] തിരിച്ചറിയും

ഗുപ്തന്‍
‍അയ്യടാ. ആ കോഴിയെ ഇടതനാക്കാനുള്ള സഖാക്കളുടെ അതിപുത്തികൊള്ളാം. വരട്ടുതത്വവാദങ്ങള്‍ ഉപേക്ഷിച്ച് കോഴി മുറിച്ച് കടന്ന റോഡില്‍ ഇനിയും ബാക്കിയായ കോഴിക്കാട്ടത്തിന്റെ ചൂടാറും മുന്നേ പഴികേള്‍ക്കേണ്ടി വരുന്ന വിശുദ്ധ കുറുക്കന്മാരാണ്‌ ഇതിന്‌ പുറകിലെന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് എന്നെ കുറുക്കന്മാരുടെ കൂട്ടത്തില്‍ കൂട്ടിക്കെട്ടണ്ട :)
(വേണമെങ്കില്‍ ഒരു ഇറ്റാലിയന്‍ കോഴീടെ പടോം)

കാണാപ്പുറം നകുലന്‍
റോഡ് ക്രോസ് ചെയ്യുമ്പൊഴേ കോഴിക്ക് തീറ്റയ്ക്കുള്ള പണം നാഗ്പൂരീന്നാണെന്ന് ആരോപണം ഉയര്‍ന്നേക്കാം. പക്ഷേ രാഷ്ട്രീയ ബോധമുള്ള ഒരു കോഴിക്കുഞ്ഞും അതിനെ കാര്യഗൗരവത്തോറ്റെ പരിഗണിക്കില്ല. യഥാര്‍ത്ഥത്തില്‍ ശത്രുതയുള്ളത് കോഴിയും , കുറുക്കനും തമ്മിലല്ല."മതംമാറി താറാവായ കോഴി" ഗോത്രത്തിലെ ചിലരും "മരപ്പട്ടിയുമല്ല കോക്കാനുമല്ല" എന്ന രൂപത്തിലുള്ള ചിലരുമാണ്‌ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ ആദ്യം കോഴി-കുറുക്കന്‍ വര്‍ഗീയ ലഹളയെന്നാണ്‌ തലക്കെട്ടെഴുതിയത്.
തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍
കോഴി - സത്യമോ മിഥ്യയോ?
കോഴിക്കെന്താ കാവിയുടുത്താല്‍?
കോഴികൂകിയാല്‍ സഖാക്കള്‍ക്ക് നേരം വെളുക്കുമോ?


തഥാഗതന്‍:
കോഴിയാണ്‌ പ്രധാനം. കോഴീടെ പേര്‌ സ്വന്തം കൂടെ ചേര്‍ത്ത കോഴിപ്പേനും, കോഴിക്കോടും, കൊഴിക്കാഷ്ഠവുമൊന്നും യഥാര്‍ത്ഥ കോഴിയല്ലെന്ന് കുറുക്കന്മാര്‍ക്കെങ്കിലും നല്ല നിശ്ചയമുണ്ട്. ഈ കോഴിപ്പേനുകള്‍ കൊഴിഞ്ഞ് പോയാലൊന്നും ഞങ്ങളുടെ കോഴി റോഡ് മുറിച്ച് കടക്കുമ്പോല്‍ ലോറി മാറി കേറി ചാകില്ല.


അഗ്രജന്‍ :
എന്റെ കോഴിക്കുറിപ്പുകള്‍ എന്ന പരമ്പരയിലേക്ക് കടന്നുവരാന്‍ ഒരു കോഴി കൂടി. എന്ത് കൊണ്ടാണീ കോഴികള്‍ ക്രോസ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ക്രോസ് എന്ന് വെച്ചാല്‍ അധികം. കോഴിക്ക് ഗുണിച്ചോ ഹരിച്ചോ കടക്കാന്‍ അറിയാത്തത് കൊണ്ട് തന്നെയാണ് അവ അധികരീതിയില്‍ കടക്കുന്നത്.

കൃഷ്:

ചിക്കന്‍...ഹായ്. തൊണ്ട വളരുന്നു. അല്ല വരളുന്നു. ഇവനെ തൊലിയുരിച്ച് ഉപ്പു മുളകും ചേര്‍ത്ത് ഒരു പിടി. അല്ലെങ്കിലും ചിക്കന്‍ കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍ തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)


ഡോ.സൂരജ്
ഗല്ലൂസ് ഡൊമസ്റ്റികസ് എന്നു പറയപ്പെടുന്ന നാടന്‍ കോഴിറോഡുമുറിച്ചുകടന്നതെന്തിനാണ്? നാടന്‍ കോഴി അഥവാ ഡൊമസ്റ്റിക് ചിക്കണ്‍റോഡ് മുറിച്ചുകടന്നപ്പോള്‍ പിടിക്കാന്‍ പുറകേയോടിയവര്‍ക്ക് അതുവഴിപക്ഷിപ്പനി പകര്‍ന്നതിന് ആയുര്‍ വേദമരുന്നുകഴിച്ചാ മതീന്ന് പറഞ്ഞാ പെറ്റതള്ള സഹിക്കൂല കേട്ട. ചരകശാസ്ത്രത്തില്‍ പോലും കോഴിയെ പിടിക്കാന്‍ പുറകേഓടിയവര്‍ക്ക് അസുഖം വന്നതായി പറഞ്ഞിട്ടില്ല. ഈ മൈ@$$%^&*ഗുണാപ്പന്മാര്‍പറയുന്നപോലെ ചില്ലി ചിക്കന്‍ വന്നാ ജല്‍ദോഷപ്പനി വരുമെങ്കില്‍ വരട്ട്.
:)) സ്മൈലി ഇട്ടിട്ടുണ്ട് കേട്ട.



84 comments:

സുല്‍ |Sul said...

((((((ഠേ))))
ഹഹഹ...
കിടിലന്‍ ഐഡിയ..

തേങ്ങ ആദ്യം... വായന പിന്നെ.
-സുല്‍

Pramod.KM said...

super:)

മൂര്‍ത്തി said...

ugran..haha..

nandakumar said...

ഹഹഹ തകര്‍പ്പന്‍ നിരീക്ഷണം. :)

Mr. K# said...

:-)

..:: അച്ചായന്‍ ::.. said...

അമ്മോ എന്തൊരു നിരീക്ഷണം മാഷെ നമിച്ചു എല്ലാവരേം കുറെ പഠിച്ചിട്ടുണ്ടല്ലോ സൂപ്പര്‍

യാരിദ്‌|~|Yarid said...

വർമ്മ ആരായിരുന്നാലും ശരി ഇതു വായിച്ച് ചിരിച്ച് പ്രാന്തനായി...


ഹൊയ് ഹൊയ് ഹൊയ് ഹൊയ്..:):):):)

krish | കൃഷ് said...

വര്‍മ്മേ, ദെന്തിട്ട് അലക്കാ.. ചിരിച്ച് കുടല് കരിയുംന്നാ തോന്ന്ണ്.

Kumar Neelakandan © (Kumar NM) said...

എന്തൊരു പണ്ടാരടങ്ങിയ നിരീക്ഷണം.
വര്‍മ്മക്കുട്ടികളെ നിങ്ങളു തകര്‍ത്തു.
കുറേകാലത്തിനുശേഷം കറയില്ലാതെ ചിരിച്ചു.
ആരേയും വേദനിപ്പിക്കാതെ ഈ നിരീക്ഷണ ചിരി ഒരുക്കിയതിനു വര്‍മ്മമാര്‍ക്ക് സല്യൂട്ട്.

Promod P P said...

ഈ പോസ്റ്റ് കണ്ട്,പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു സുഹൃത്ത് മെയിൽ വഴി അയച്ചു തന്ന ഒരു അഭിപ്രായം

കാശ്മീരിലെ കോഴികൾ നേരിടുന്ന സ്വാതന്ത്ര്യ ധ്വംസനം കാണാതിരുന്നിട്ട് കാര്യമില്ല. ഇന്ത്യൻ കോഴികൾ ആസാദ് കാശ്മീരിൽ ചെന്ന് വിസർജ്ജിച്ച്ത് അതീവ ഗുരുതരമായ ഉഭയകക്ഷി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ തന്നെ ഇസ്രായേലിന്റെ ഇടപെടൽ ഇവിടെ തള്ളിക്കളയാനാവില്ല. ശിവാജി നഗറിലെ കോഴികളെ കുറേ കണ്ടവനാ ഈ ഞാൻ. മുംബൈ ആക്രമണത്തിൽ പങ്കെടുത്ത കൊഴികളെ നേരിടാൻ പാക്കിസ്ഥാനുമായി യുദ്ധം വേണം എന്ന് പറയുന്നവർ സവർണ്ണ ഫാസിസ്റ്റുകളാണെന്നത് ഒരു നഗ്ന സത്യം മാത്രം.ഞാൻ പണ്ട് ഡയറക്റ്റ് മാർക്കറ്റിങ് നടത്തിയിരുന്ന കാലത്ത് ചങ്ങനാശ്ശേരിയിലെ പൂവൻ കോഴികളെ കണ്ട് അതിശയിച്ച് പോയിട്ടുണ്ട്. കോഴികൾക്കായി ഒരു ഫോട്ടോഷോപ്പ് പരിശീലന ക്യാമ്പ് അടുത്ത ചേറായി മീറ്റിനോടനുബന്ധിച്ച് ഞാൻ സംഘടിപ്പിക്കുന്നുണ്ട്. അനുരജ്ഞനത്തിന്റെ മാർഗ്ഗത്തിൽ വിശ്വാസം നഷ്ടപ്പെട്ട് വരുന്നു. ദേശീയത തെളിയിക്കേണ്ട ഒരു ദുർഘട സന്ധിയിലാണ് ഇന്ന് ഇന്ത്യൻ കോഴികൾ

Kumar Neelakandan © (Kumar NM) said...

അനുബന്ധം : “വര്‍മ്മ കുട്ടികളെ“ എന്നു പറയാന്‍ കാരണം ഇതൊരു മനസിന്റെ നിരീക്ഷണവും വാക്കുകളുമല്ല. ഇതിനൊരു നാലഞ്ചു നിരീക്ഷകരും അവരുടെ സെന്‍സിബിള്‍ തലകളും വേണം.
(എനിക്കു ചില തലകളെ ഊഹിക്കാന്‍ പറ്റീട്ടുണ്ട്. ബുഹു ഹ ഹ ഹ :)

Calvin H said...

തകരത്തടുക്കി :)

Umesh::ഉമേഷ് said...

അടിപൊളി!

അനില്‍@ബ്ലോഗ് // anil said...

ഹ! ഹ! കലക്കി.

Umesh::ഉമേഷ് said...
This comment has been removed by the author.
Umesh::ഉമേഷ് said...

ഓഫ്:

“കൂകീ കോഴി വനാന്തരേ...” കോഴിത്തമ്പുരാന്റേതല്ല. പൂന്താനത്തിന്റേതാണു്. വേണമെങ്കിൽ ഹരി കുങ്കുമത്തിന്റെ ഈ കോഴിശ്ലോകം പിടിച്ചോ. ആശാന്റെ “ആരും തോഴീ, യുലകിൽ...” എന്ന ശ്ലോകത്തിന്റെ (ലീല) പാരഡി:

ആരും കോഴീ, യുലകിലുണരുന്നില്ല നേരം വെളുത്താൽ;
തീരുന്നില്ലീ ശയനദുരിതം, ദേഹി തൻ ദേഹസൌഖ്യം!
പോരും കൂർക്കം; പ്രിയസഖ, നിവർന്നൊന്നു കൂവൂ, നമുക്ക-
ന്നേരം കാണാം ധരയിലുണരും മർത്യകോലാഹലങ്ങൾ!

Promod P P said...

ആഴിപോലെ മിഴിയുള്ള സുന്ദരി
കോഴി ഞാൻ പറയ്ക നാമമെന്തു നിൻ

എന്നു പരിഭാഷപ്പെടുത്തിയതും നിങ്ങൾ തന്നെ അല്ലെ ഉമേഷ് സാറേ

ശ്രീലാല്‍ said...

അനുരഞനവര്‍മ്മയെ താണുവീണു വണങ്ങുന്നു.. യെന്താ സാധനം !!

Umesh::ഉമേഷ് said...

ആഴി പോലെ മിഴിയുള്ള സുന്ദരീ
കോഴി ഞാൻ, ഭവതി പേരു ചൊല്ലുമോ?

എന്നാണു തഥാഗതാ.

സാഗർ ജൈസേ ആംഖോംവാലീ
യഹ് തോ ബതാ തേരാ നാം ഹൈ ക്യാ

എന്നോ മറ്റോ ആണു് ഒറിജിനൽ പാട്ടു്.

Kumar Neelakandan © (Kumar NM) said...

വൃത്തം : മന്ദാക്രാന്ത

ആരും തോഴി, യുലകില്‍ മറയുന്നില്ല: മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം,
പോരും ഖേദം, പ്രിയസഖി, ചിരം വാഴ്ക മാഴ്കാതെ, വീണ്ടും
ചേരും നാം കേള്‍-- വിരതഗതിയായില്ല സംസാര ചക്രം"


ഉമേശ ഗുരോ ഇതിന്റെ അര്‍ത്ഥം കൂടി ഉരയിച്ചാലും. എന്താ ഈ ആരും കോഴി? ആരാ ഇപ്പോ കോഴി? :)

::: അഹങ്കാരി ::: said...

അല്ല വര്‍മ്മോളെ,

ങ്ങള്‍ സവര്‍ണരാണല്ലേ?

അതല്ലേ അവര്‍ണ മേധാവിത്വത്തിന്റെയും വൃണപ്പെട്ട ജാതിവികാരത്തിന്റെയും വക്താക്കളേ ഇങ്ങനെ കള്യാക്കീരിക്കണേ???

അല്ല അഹങ്കാരി ഇതിനെന്ത് മറുപട്യാവും പറയാ???

അറിയോ മിസ്റ്റര്‍ വര്‍മ്മാസ്???

:):):)


ഏതായാലും പോസ്റ്റിട്ടപ്പെട്ടൂട്ടോ

Kumar Neelakandan © (Kumar NM) said...

ഒരു സംശയം കൂടി; എന്താ ഈ മന്താക്രാന്ത? മന്ദമായ ആക്രാന്തമാണോ? അതോ മന്തുപിടിച്ച ആക്രാന്തമോ? ഒന്നു വ്യക്തമാക്കാമോ? (വ്യക്തമാക്കുന്ന വേളയില്‍ മറ്റു ശ്ലോകങ്ങളും ലിങ്കുകളും ഒഴിവാക്കുക ;)

Umesh::ഉമേഷ് said...

മന്ദനും ആക്രാന്തമുള്ളവനും എന്നു തന്നെ അർത്ഥം. ദോഷം പറയരുതല്ലോ, നല്ല കൃമിയുമാണു് സ്മര്യപുരുഷൻ.

മന്ദാക്രാന്തൻ സുകൃമി നെടുമങ്ങാട്ടുകാരൻ കുമാരൻ

എന്നാണു ലക്ഷണം.

ശ്രീലാല്‍ said...

ഉമേഷേട്ടാ, കുമാറേട്ടാ പ്ലീസ്.. പ്ലീസ്.. കാലുപിടിക്കാം..... ചിരിച്ച് വയറുവേദനിക്കുന്നു..

ശ്രീവല്ലഭന്‍. said...

ഹാ ഹാ ഹാ :-)

Kumar Neelakandan © (Kumar NM) said...

കൃമി??
ഓങ്കാരനടനമാടി ചാടി ചവിട്ടണോ ഞാന്‍?????

യെന്നെ തൊട്ട് കളി വ്യാണ്ടാ..
നെടുവങ്ങാട്ടെ ചള്ളു പിള്ളരുക്ക് പണിവൊണ്ടാക്കണ്ടാ.. വ്യാണ്ടാ...
പോയീന്‍.. പെയ്യിറ്റ് പിന്നെ വരീന്‍, “ഇന്ന് വന്നിറ്റ് ദുര്‍ഗ്ഗാഷ്ടമി പെയ്യിറ്റ് പതിനാലാം ദെവസം വരീന്‍. അന്ന് ഉന്നൈക്കൊന്ന് ഉന്‍ രത്തത്തെ നാന്‍ കുടിപ്പേന്‍ (അതെന്തു പേന്‍??)

അതുപോട്ടെ, എന്തരാണ് ഈ സ്മര്യപുരുഷന്‍? അപ്പോ അതിന്റെ സ്ത്രീ ലിംഗം എന്തരു?

Roby said...

ബ്രസീലിയന്‍ ചിത്രമായ സിറ്റി ഓഫ് ഗോഡിന്റെ തുടക്കത്തില്‍ കൊലക്കത്തിക്കു മൂര്‍ച്ച കൂട്ടുമ്പോള്‍ കെട്ടഴിഞ്ഞ് രക്ഷപെട്ടോടുന്ന ആ കോഴിയെ ആണോ ഉദ്ദേശിച്ചത്?

Promod P P said...

കുമാറേ

അത് സ്മിർണോഫിനെ ജഗതി വിളിക്കുന്ന പേരു പോലെ ഉള്ള ഒന്നാ എന്ന് മനസ്സിലാക്കു

Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ഈ പോസ്റ്റില്‍ റോബിയുടെ വെര്‍ഷന്‍ റോബിതന്നെ എഴുതിയതാണോ? നല്ല ഒറിജിനാലിറ്റി.
വിട്ടുപിടി വിട്ടുപിടി.. ലറ്റിനമേരിക്ക വിട്ടുപിടി. ഇവിടെ ബംഗ്ലാദേശില്‍ നല്ല കിടിലന്‍ പടം ഇറങ്ങുന്നുണ്ട്.

Umesh::ഉമേഷ് said...

യാരെഡേയ് പരിപാവനമായ വർമ്മാലയത്തിൽ കേറി സ്ത്രീ, ലിംഗം എന്നൊക്കെ പറയണതു്? പോഡേയ്...

kichu / കിച്ചു said...

വര്‍മകളേ സലാം..
ചിരിച്ച് ഒരു പരുവമായി.

സുല്ല് ഇതിനും ഉടച്ചു. ഇങ്ങേര്‍ക്കെന്താ തേങ്ങ വില്‍പ്പനയാ?? എല്ലായിടത്തും ഇങ്ങനെ അടിച്ചുടക്കാന്‍..

കൈപ്പള്ളീ അച്ചരത്തെറ്റോടെ കമെന്റി സൂപ്പര്‍.

എല്ലാം ഒന്നിനൊന്നു മെച്ചം..

വര്‍മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാസ് നമിച്ചു.:)

Kumar Neelakandan © (Kumar NM) said...

ഇതു കളിമാറും ഉമേശന്മാഷേ,

ഇവിടെ എന്താ സ്ത്രീ സാന്നിദ്ധ്യം വന്നാല്‍?
ഇതെന്താ അഞ്ഞൂറാന്റെ വീടോ?
വെറുതെ വനിതകളെ പ്രകോപിപ്പിക്കണ്ട.

ശ്ലോകാവസ്ഥയില്‍ ഓടേണ്ടിവരും പറഞ്ഞേക്കാം.

Cartoonist said...

അനുരഞനവര്‍മ്മേനെ ഞാനൊന്നു പരിരംഭണം ചെയ്യാന്‍ പോണേണ്...

ഡിങ്കന്‍ എന്നെ ഓടിച്ചു കേറ്റീതാണ് ഈ വഴി...
ന്നാലും, ന്റെ പേരില്ലാതായല്ലൊ..വല്ല രണ്ടാം ഭാഗോ മറ്റോ... ?

പ്രമാദത്തിന്റെ കോഴികം, ശ്രീയുടെ “കോഴി:)”- ഉള്ള വിശകലനപാടവം വെച്ച് ഒരു അതികലക്കന്‍ ചിരി ചിരിച്ചു.

ആ ഇ-മെയില്‍ ഐഡി, ഒരു പോട്ടം എന്നിവ അയച്ചുതന്നാല്‍, പുലികള്‍:ഭാഗം2ന്റെ തുടക്കം ആര്‍ഭാടാക്കായിരുന്നു.

absolute_void(); said...

കിടു

Kumar Neelakandan © (Kumar NM) said...

കാര്‍ട്ടൂണിസ്റ്റേ രാവണനെ വരച്ചോളൂ. തലകള്‍ രണ്ടുമൂന്നെണ്ണം ചില ആസ്ഥാന ജ്യോത്സ്യന്മാര്‍ കവിടിനിരത്തി കണ്ടുപിടിച്ചു.
ഇനിയുമുണ്ട് ബാക്കി.

ജോഷി said...

വർമ്മ തകർത്തു :-)

തറവാടി said...

നല്ല നിരീക്ഷണം‍ :)

Kiranz..!! said...

നമിച്ചണ്ണാ/ൻമാരേ :)

ഗുപ്തന്‍ said...

ഹഹഹ..

ആ ഗുപ്തനെഴുതിയ വര്‍മേനേ എന്റെ കയ്യില്‍ കിട്ടും.. വെറുക്കപ്പെട്ടവനേ..നികൃഷ്ടജീവീ...

(മോര്‍ ഹഹഹ)

mydailypassiveincome said...

വര്‍മ്മേ, അടിച്ചുകസറിയല്ലോ :)

സുല്ല് ഇവിടെയും വന്ന് തേങ്ങ അടിച്ചോ ഹിഹി.

Suraj said...

വെടിക്കെട്ട്..! സ്മൈലികളില്ലിനിയിടാന്‍ ബാക്കി!

കൊച്ചുത്രേസ്യ said...

ഹഹഹ.. ചിരിക്കാനൊരു കാരണം തേടി നടക്കുകയായിരുന്നു.. ഇതു ധാരാളം :-)))

ഓടോ: ഇവിടെ പെണ്ണുങ്ങൾ കയറാറില്ല എന്നൊക്കെ മുകളിലത്തെ ചില കമന്റുകളിൽ കാണുന്നു.. എന്തെങ്കിലും സത്യമുണ്ടോ?

ഗുപ്തന്‍ said...

ഇനീം പുലികള്‍ വരാനുണ്ടല്ലോ..ദാ പിടിച്ചോ എന്റെ വക കൊച്ചുത്രേസ്യ :



അപ്പോള്‍ പറഞ്ഞുകൊണ്ടുവന്നതെന്തെന്ന് വച്ചാല്‍ ഇത്തിരിയെങ്കിലും വായിനോട്ടത്തിന്റെ അസുഖമുള്ള പൂവന്‍ കോഴികള്‍ക്ക് ഈസിയായി വഴിക്കുകുറുകേ ചാടാനുള്ള എല്ലാ സെറ്റപ്പുമുള്ള സ്ഥലമാണ് കോഴിക്കോട്. ചുമ്മാ വേലിച്ചോടുവഴിയോ ഓടച്ചാലുവഴിയോ ഇടം വലം നോക്കി നടന്നാ മതി. കാര്യം അപ്പുറത്തൊരു ചിക്കല്‍ ഒരു ചികയല്‍ ഒക്കെയേ കാണൂ. എങ്കിലും ഈ പൂവന്‍ കോഴികളുടെ മനസില്‍ ഇത് ശബ്ദാമായിട്ടല്ലല്ലോ രെജിസ്റ്റര്‍ ചെയ്യുന്നത്. പെടക്കോഴിയുടെ രൂപം മനസ്സില്‍ കാണുമ്പോഴേ കക്ഷിയുടെ എടുത്തുചാടല്‍ ഗിയര്‍ വര്‍ക്കായിപ്പോവും. പിന്നത്തെ കാര്യം പറയണ്ടല്ലോ ...

ശ്രീഹരി::Sreehari said...
This comment has been removed by the author.
Calvin H said...

ന്നാ പിടിച്ചോ :

മർമാക്രി :-
കർത്താവേ എങ്ങനെ കറി വെയ്ക്കാം ഈ പൂവൻ കോഴിയെ?
(ചിത്രം)

കോഴിമസാല പോലും. ഞങ്ങൾ ഇടുക്കിക്കാരു പെമ്പ്രന്നോത്തിമാരെക്കൊണ്ട് അമ്മിയിൽ അരപ്പിക്കാറാണ് പതിവ്. 1823ഇൽ ഫ്രാങ്കഫർട്ട് ജംക്ഷനിലെ റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച കോഴിയാണ് താഴെയുള്ള ഫോട്ടോയിൽ കറിയായി കിടക്കുന്നത്.
(ഫോട്ടോ)

ഗുപ്തന്‍ said...

എന്റെ ബെയ്റ്റ് ന്വാര്‍ എം കെ ഹകുവിന്റെ കവിത.

കോഴി ഒഴുകുന്ന ജലമാണ്


കോഴി ഒരു ഒഴുക്കാണ്.
അത് ഒരു തിരച്ചില്‍ ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കും.
യഥാര്‍ത്ഥത്തില്‍
കോഴി ഒന്നും തിരയുന്നില്ല.
അത് വേരുകളില്‍ നിന്ന് വേരുകളിലേക്ക് ഒഴുകിപ്പോകുന്ന ജലം പോലെ ആണ്.
അതിന്റെ നഖങ്ങള്‍ ജീവനെ ചികഞ്ഞുണര്‍ത്തുന്നു.

കോഴിയുടെ വിരല്‍ തുമ്പേറ്റാണ്
മുരിങ്ങയും ചീരയും കുമ്പളവും പുഷ്പിക്കുന്നത്.
അത് ഭക്ഷിക്കുന്നവര്‍ക്കാകട്ടെ കോഴിയോട് നന്ദി പറയുന്നില്ല.
കോഴി നിരാസക്തനായി വഴിമുറിച്ച് നടന്നു പോകുന്നു.

ഗുപ്തന്‍ said...

ഭക്ഷിക്കുന്നവര്‍ക്കാകട്ടെ അല്ല ഭക്ഷിക്കുന്നവരാകട്ടെ..

Unknown said...

വർമ്മകുഞ്ഞുങ്ങൾക്ക് സലാം!

അപ്പു ആദ്യാക്ഷരി said...

ഹ..ഹ..ഹ..രാവിലെ ചിരിച്ചു ചിരിച്ചു മരിച്ചു :-) ഇവയെഴുതിയവരുടെ നിരീക്ഷണപാടവത്തിനൊരു കൊടുകൈ !! ഓരോ സംഭാഷണവും എഴുതിയത് ആരെന്ന് പേരെഴുതേണ്ട ആവശ്യം പോലും ഇല്ല. അത്രയ്ക്ക് കൃത്യമാണ് ഓരോന്നും! കൈപ്പള്ളിയുടെ ഗോമ്പറ്റീഷൻ ബ്ലോഗിൽ “ഇതാരുടെ ഉത്തരങ്ങൾ” എന്ന മത്സരങ്ങൾ കുറേയെണ്ണം ഒന്നിച്ചുവായിച്ചതുപോലെ ഒരനുഭവം :-)

കെ said...

സംഗതി ഗലഗ്ഗി... വര്മ്മാസ് വീണാല് നീളട്ടെ

Pongummoodan said...

ശരിക്കും രസിപ്പിച്ചു. :)

Visala Manaskan said...

അടിപൊളി. ചവിട്ടി മെതിച്ചു!

കരീം മാഷ്‌ said...

മാസ്റ്റര്‍ പീസ്
മിമിക്രി.. മിമിക്രി എന്നു കേട്ടിട്ടുണ്ട്..
പക്ഷെ സാഹിത്യത്തിലെ മിമിക്രി ആദ്യമായി ബ്ലോഗില്‍.. :)
കാങ്കാരു ലേഷന്‍!
എന്റെ വക ഇതാ ഒരു കോണ്ട്രിബ്യൂഷന്‍...
ലിങ്കു ഞെക്കിയാല്‍ കാണാം.

http://artpad.art.com/?kkta2418k0ag

കുഞ്ഞന്‍ said...

വര്‍മ്മാ‍ജികളെ...ഒരു സലാം..!

എല്ലാം കിടു കിക്കിടു...തുടര്‍ന്നുള്ള കമന്റുകള്‍ അതിലും കിടിലന്‍..!

അപ്പുമാഷിന്റെ വെര്‍ഷനും കൊടുക്കാമായിരുന്നു..!

ദേവന്‍ said...

ഹ ഹ ഹ, ഇതു കലക്കി വര്‍മ്മേ.

പണ്ട് ആരോ നരസിംഹം എന്ന പടം ഇറങ്ങിയപ്പോ ചിതാഭസ്മം തടയുന്ന രംഗത്ത് മോഹന്‍‌ലാലിന്റെ ഡയലോഗ് മലയാളം സാഹിത്യകാരന്മാര്‍ എഴുതിയാല്‍ എങ്ങനെ ഇരിക്കും എന്ന് ഒരു കീച്ച് കീച്ചിയിരുന്നു, അതിനു ശേഷം ഇപ്പഴാ ഇങ്ങനെ ഒരു ഉരുപ്പടി കണ്ടത്.

ചന്ദ്രകാന്തം said...

ആസ്വദിച്ചു വായിച്ചു. രസകരമായ പകര്‍ത്തിവപ്പുകള്‍.

(എന്റെ പേരില്‍ എഴുതിയ വരികള്‍ ഒരു പാരഗ്രാഫായാണ്‌ കിടക്കുന്നത്‌. അതൊന്ന്‌ പദ്യരൂപത്തില്‍ വരികളെ മുറിച്ചെഴുതാമോ ?)

Appu Adyakshari said...

ഒരു ട്രാക്കും കൂടി കിടക്കട്ടെ..

Appu Adyakshari said...

ഒരു ട്രാക്കും കൂടി കിടക്കട്ടെ..

t.a.sasi said...

പടച്ചോനെ ഇങ്ങിനെ
ഉള്ള കോഴികള്‍ ഇപ്പോഴും
ഉണ്ടോ.. പക്ഷിപ്പനി
വരാതിരുന്നാല്‍ മതി..

[ nardnahc hsemus ] said...

ഹഹഹ!!
ഏറ്റവും ഇഷ്ടമായത് കുറു...

കിടിലന്‍!!!

RR said...

super!! :)

വല്യമ്മായി said...

അപ്പോള്‍ ഇവരൊക്കെയാണല്ലെ വര്‍മ്മാലയത്തിലെ സ്ഥിരം സന്ദര്‍ശകര്‍ :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹോ ഹോ..കൊള്ളാം..ഇത്തരത്തിലൊന്ന് ആദ്യമായി വായിയ്ക്കുവാ..സൂക്ഷ്മമായ നിരീക്ഷണ പാടവം ഇല്ലാതെ ഇതു എഴുതാൻ പറ്റില്ല

അഭിനന്ദനങ്ങൾ!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി. വര്‍മ്മാലയത്തിനു പകരം വര്‍മ്യമ്മാരാലയം ആയിരുന്നെക്കില്‍ ഇവിടിപ്പോള്‍ ആളെ പിരിച്ച് വിടാന്‍ പോലീസിനെ വിളിക്കേണ്ടി വന്നേനെ.

Visala Manaskan said...
This comment has been removed by the author.
മുന്‍ഷി said...

കോഴിമുട്ടയുടക്കാന്‍ കുറുവടി വേണോ? കൊക്കരക്കോ!

paarppidam said...

ഹഹഹ അഭിപ്രായങ്ങൾ കൊള്ളാം...

asdfasdf asfdasdf said...

അപൂര്‍വ്വം. !!

kichu / കിച്ചു said...

വര്‍മാലയം റോഡില്‍ ഫയങ്കര ട്രാഫിക്ക് ജാം...
എന്തും സംഭവിക്കാം. പോലീസ് ജാഗ്രതൈ :)

കാട്ടിപ്പരുത്തി said...

ബ്ലോഗിലെ മിമിക്രി കൊള്ളാം

അഗ്രജന്‍ said...

ഹിഹിഹി കൊള്ളാം കുഞ്ഞുങ്ങളേ... :)
ഇങ്ങിനെയൊരു ആർമാദം ഇവിടെ നടക്കുന്നതറിയാൻ വൈകി ;)

Kaithamullu said...

അനന്തമജ്ഞാതമവര്‍ണനീയം,
വര്‍മ്മകളേ(മിനിമം 5) നിങ്ങളുടെ വര്‍ണനകളോര്‍ത്താല്‍!
(വിശാലന്‍ ഡിലീറ്റിയോടി...യടിയോടടി അടിയോടി)

ഇസാദ്‌ said...
This comment has been removed by the author.
പകല്‍കിനാവന്‍ | daYdreaMer said...

ഗലക്കി മച്ചുനന്മാരെ ഗലക്കി..
ഹ ഹ ഹ :)

വശംവദൻ said...

super!

monu said...

LOL...

Nannayitundu :)

Nalla Idea .. Nalla Avatharanam

ഉഗാണ്ട രണ്ടാമന്‍ said...

നമിച്ചു...

Kalesh Kumar said...

ക്ലാസ്സിക്ക്!

സൂപ്പറായിട്ടുണ്ട്...

മറ്റൊരാള്‍ | GG said...

ഇതുവരെ ശരിയായി റോഡ് ക്രോസ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് വേണ്ടിയാണ് ‘കോഴ്യാക്ഷരി‘ എന്ന ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് റോഡ് എന്ന മാധ്യമത്തില്‍‌ തുടക്കക്കാരായവര്‍ക്ക് വേണ്ടി. കോഴിക്കൂട് മുതല്‍‌ മുറിച്ച് കടക്കേണ്ട റോഡിന്റെ ഓരോ ഇഞ്ചും, Kozhikon-C65 Cameraയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂടി ഇവിടെ ചേര്‍ത്തിട്ടുള്ളതിനാല്‍ റോഡ് ക്രോസ് ചെയ്യാന്‍ ഏറെ സഹായകരമാവും എന്നതില്‍ സംശയമില്ല. അവസാനമായി ഈ പോസ്റ്റ് പൂര്‍ത്തികരിക്കാന്‍ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് ‘കോഴിപ്പീട്യ‘യോടുമുള്ള എന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.

എതിരന്‍ കതിരവന്‍ said...

‘ബ്ലോഗ് തുറപ്പാ‍ാട്ടി’ നു ശേഷം ഇതാ വീണ്ടും ഒരു ഒറിജിനൽ! സമ്മതിച്ചു തന്നിരിക്കുന്നു. ഗാന്ധിയുടെ റോൾ കിട്ടാൻ മലയാളി നടന്മാർ അൾടൻബറോയുടെ മുന്നിൽ അഭിനയിച്ചു കാണിയ്ക്കുന്ന ഒരു മിമിക്രി കണ്ട് ഇത്രയും ചിരിച്ചില്ല.

namath said...

ചുവന്ന താടി തഥാഗതരു വഴി കാട്ടിയെത്തിയതാണ്, താമസിച്ചതിനു ക്ഷമാപണം, ചിയേഴ്സ് വര്‍മ്മേര്‍സ്! ചാത്തന്‍ മഠത്തിന്‍റെ പരസ്യം പോലെ ബ്രാക്കറ്റില്‍ ഒറിജിനല്‍ കൊണ്ടു നടക്കുന്ന കഥാപാത്രത്തോട് സോഫ്റ്റ് കോര്‍ണര്‍ കാണിച്ചതില്‍ ഘോരം ഘോരം പ്രതിഷേഝിക്കുന്നു.തിരോന്തരം അന്തോണിച്ചനും രക്ഷ പെട്ടു. അനോണി പേരിന്‍റെ പൂര്‍വ്വഭാഗം വരുന്നവരോടുള്ള ഈ പ്രീണന നയത്തിനെതിരായി അവിശ്വാസം രേഖപ്പെടുത്തുന്നു. അവെയ്‍ലബിള്‍ വര്‍മ്മമാരുടെ തീരുമാനം കാക്കുന്നു.

ശ്രീ said...

ഇപ്പോഴാണ് കണ്ടത്. കൊള്ളാം...

പുള്ളി said...

സലാം വര്‍മ്മാസ്

റാന്‍മൂളി said...

റാന്‍.